സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിലും പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം. പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വൻ തോൽവിയെന്നാണ് വിമർശനം.
കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പിണറായിയുടെ പരാമർശങ്ങൾ തിരിച്ചടി ഉണ്ടാക്കി. സംസ്ഥാന സെക്രട്ടറി പറയുന്ന കാര്യങ്ങളിൽ വ്യക്തതയില്ല.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറായില്ലെന്നും ഏരിയ കമ്മിറ്റി അംഗങ്ങൾ വിമർശിച്ചു. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറാവാത്തത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിവച്ചു.
പാലക്കാട് മണ്ഡലത്തിൽ വോട്ട് കുറഞ്ഞത് ഇതെല്ലാം കൊണ്ടാണ്. തൃത്താലയിലെ തോൽവി മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരെ വിശ്വാസത്തിൽ എടുക്കാത്തതിന്റെ ഭാഗമാണെന്നും ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.
പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിച്ചില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നും സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
















