കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലത്തിന് സമീപം പൊങ്ങിന്‍ചുവടാണ് അപകടമുണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പുഷ്പാകരന്‍ എന്നയാളാണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30ന് ശേഷമാണ് അപകടമുണ്ടായത്. കോതമംഗലത്ത് ഭൂതത്താന്‍കെട്ടിനും അപ്പുറത്ത് വച്ചായിരുന്നു ആക്രമണം. ഇടമലയാര്‍ അണക്കെട്ടിന് അപ്പുറത്തുള്ള ആദിവാസി ഉന്നതിയില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പുഷ്പാകരന്‍. ഇദ്ദേഹത്തെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി എറിയുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലവില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുഷ്പാകരന്റെ കൈകാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വനംവിഭവം ശേഖരിച്ച് വില്‍ക്കലും അണക്കെട്ടില്‍ നിന്ന് മീന്‍ പിടിച്ച് വില്‍ക്കലുമാണ് ഈ ആദിവാസി ഉന്നതിയിലുള്ളവരുടെ പ്രധാന വരുമാന മാര്‍ഗം. ഇവര്‍ പോയ ഉള്‍ക്കാട്ടില്‍ മിക്കവാറും ആനയുടെ സാന്നിധ്യമുണ്ടാകാറുണ്ട് എന്നാണ് വിവരം.
Story Highlights : adivasi man died in wild elephant attack
















