തിരുവല്ല: പത്തനംതിട്ടയിൽ ബന്ധുവായ പെൺകുട്ടിയെ പ്രണയത്തിൽനിന്ന് പിന്തിരിപ്പിക്കാൻ നടത്തിയ ശ്രമത്തിന് എതിരെ യുവാവ് വീടുകയറി നടത്തിയ ആക്രമണത്തിൽ 23കാരിക്ക് പരിക്കേറ്റു. മുണ്ടപ്പള്ളി കോളനിയിൽ ലതയുടെ മകൾ ജെസ്നയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
സംഭവത്തിൽ ജെസ്ന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പൂവം നക്രാപുതുവേലിൽ സ്വദേശി കമൽ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ, ഇയാളുടെ സഹോദരൻ കണ്ണൻ എന്നിവർക്കെതിരെ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വേങ്ങൽ മുണ്ടപ്പള്ളി കോളനിയിൽ ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
ജെസ്നയുടെ മാതൃസഹോദരി പുത്രിയായ മാനസയുടെ ബന്ധുവും ഉണ്ണികൃഷ്ണനുമായി അടുപ്പത്തിൽ ആയിരുന്നു. ഉണ്ണികൃഷ്ണന് മറ്റുപല പെൺകുട്ടികളുമായി ബന്ധമുണ്ടെന്നറിഞ്ഞ മാനസ ബന്ധുവായ പെൺകുട്ടിയെ പ്രണയത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതാണ് വീട് കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്.
ബുധനാഴ്ച രാത്രിയോടെ മുണ്ടപ്പള്ളി കോളനിയിലെ വീട്ടിലെത്തിയ ഉണ്ണികൃഷ്ണനും സഹോദരനും ചേർന്ന് മുൻവശത്തെ വാതിൽ ചവിട്ടി തുറന്ന് മാനസയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജെസ്നയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയിൽ ചേർത്ത് നിർത്തിയ ശേഷം ഉണ്ണികൃഷ്ണൻ ജെസ്നയെ മർദിക്കുകയായിരുന്നു.
















