തിരുവനന്തപുരം ഭാരത് ഭവനെ 10 വര്‍ഷങ്ങള്‍ നയിച്ച ഡോ. പ്രമോദ് പയ്യന്നൂരിന് സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധേയ ആദരവ്. അറുപതോളം സാംസ്‌കാരിക സംഘടനകള്‍ ചേര്‍ന്ന് കലാവിരുന്നും ആദരവുമൊരുക്കിയ സര്‍ഗ്ഗസ്‌നേഹത്തില്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്നു. സമസ്ത കലാ സമൂഹത്തോടും ഒരുപോലെ ഹൃദ്യമായി പെരുമാറുകയും, ഇന്ത്യയുടേയും സാംസ്‌കാരിക പൈതൃകം കാത്ത് സൂക്ഷിക്കുവാന്‍ കലയുടെ കാവല്‍ വിളക്കായി പ്രമോദ് പയ്യന്നൂര്‍ പ്രവര്‍ത്തിച്ചു വെന്ന് ജയകുമാര്‍ ഐ എ എസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ അറുപതോളം സാംസ്‌കാരിക സംഘടനകളാണ് ശ്രദ്ധേയ സാംസ്‌കാരിക ദൗത്യങ്ങള്‍ നിര്‍വ്വഹിച്ച പ്രിയപ്പെട്ട നാടക ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവ് നല്‍കിയത്. രാവിലെ 10 ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെ അവലംബിച്ച് പ്രമോദ് പയ്യന്നൂര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച്, മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ബാല്യകാലസഖി’ പ്രദര്‍ശനത്തെ തുടര്‍ന്ന് നാടകാവതരണം, സംഗീത വിരുന്ന്, ആധുനിക നൃത്താവിഷ്‌കാരങ്ങള്‍, ഇംപ്രോ തീയറ്റര്‍ അവതരണം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നിറഞ്ഞ സദസ്സില്‍ അരങ്ങേറി.
വൈകുന്നേരം ഡോ. ജോര്‍ജ്ജ് ഓണക്കൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക കൂട്ടായ്മ ഡോ.കെ. ജയകുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, സിംഫണി കൃഷ്ണകുമാര്‍, കൈരളി സീനിയര്‍ ഡയറക്ടര്‍ വെങ്കിട്ട രാമന്‍, പണ്ഡിറ്റ് രമേശ് നാരായണന്‍, വട്ടപ്പറമ്പില്‍ പീതാംബരന്‍, എം.ആര്‍.ഗോപകുമാര്‍, ഡോ.നീനാ പ്രസാദ്, നടന്‍ അപ്പാനി ശരത്ത്, പിന്നണി ഗായികമാരായ അഖില ആനന്ദ്, ഗായകന്‍ ശ്രീറാം, കാവാലം ശ്രീകുമാര്‍, മാധ്യമ പ്രവര്‍ത്തകരായ ബൈജു ചന്ദ്രന്‍, വൈക്കം വേണുഗോപാല്‍, വിനോദ് വൈശാഖി, ഡോ.രാജാവാര്യര്‍, ജസീന്താ മോറിസ്, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, സെലിന്‍ മേരി, അഡ്വ. റോബിന്‍ സേവ്യര്‍, മുഹമ്മദ് ഷാ, സിന്ധു രരഘുനാഥ്, ഡോ.ജി. രാജ് മോഹന്‍, അഡ്വ. സന്തോഷ് കുമാര്‍. എസ്, അജയ് തുണ്ടത്തില്‍ തുടങ്ങി സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ഇന്ത്യയിലെ വിവിധ ഭാഷാ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു. കേരളത്തിലെ 60 ഓളം സാംസ്‌കാരിക സംഘടനാ ഭാരവാഹികളും ഭാരത് ഭവന്റെ 10 വര്‍ഷക്കാലയളവിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങളും, തൈക്കാട് റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളും, ഓട്ടോ തൊഴിലാളികളും സ്‌നേഹാദരക്കൂട്ടായ്മയില്‍ സന്നിഹിതരായി.
















