കൊച്ചി: മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഉദ്യോഗസ്ഥർക്ക് പോലീസ് മതിയായ സുരക്ഷാഒരുക്കിയിരുന്നില്ല എന്നാണ് ഹർജിയിൽ പറയുന്നത്. ഇതേ പോലീസ് കേസ് അന്വേഷിച്ചാൽ മുഴുവൻ പ്രതികളും പുറത്തുവരില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസയം, ഹർജി പരിഗണിച്ച കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടിയിരിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശം. അതേസമയം, കേസ് സിബിഐ ഏറ്റെടുക്കേണ്ടതുണ്ടോ എന്നതിൽ കേന്ദ്ര സർക്കാറിന്റെ നിലപാട് തേടിയ ശേഷം അറിയിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
















