എന്‍.എസ്.എസുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച് എന്‍എസ്എസ്. തിരുവനന്തപുരം മന്നം ക്ലബ്ബില്‍ നടത്താനിരുന്ന പരിപാടിയാണ് പ്രസ് ക്ലബ്ബിലേക്ക് മാറ്റിയത്. മന്നം റിസര്‍ച്ച് ഫൗണ്ടേഷന്‍ തയ്യാറാക്കിയ ‘ദേവതാരുവിലെ ഇത്തല്‍കണികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് മന്നം ക്ലബ്ബില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. നായര്‍ സംരക്ഷണ സമിതിയായിരുന്നു സംഘാടകര്‍. പരിപാടി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. എന്നാല്‍ ഗണേഷ് കുമാര്‍ പങ്കെടുക്കുന്ന പരിപാടിക്ക് മന്നം ക്ലബ്ബില്‍ വേദി അനുവദിക്കാനാകില്ലെന്ന് എന്‍എസ്എസ് നേതൃത്വം സംഘാടകരെ അറിയിച്ചതായാണ് വിവരം.
ഗണേഷ് കുമാര്‍ എത്തിയാല്‍ പരിപാടി തടയുമെന്നും എന്‍എസ്എസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതോടെ വേദി അടിയന്തരമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിലേക്ക് മാറ്റുകയായിരുന്നു. ഗണേഷ് കുമാറും എന്‍എസ്എസ് നേതൃത്വവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ സംഭവവികാസം. നേരത്തെ പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിടുകയും ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കുകയും ചെയ്തിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ഗണേഷ് കുമാര്‍ പരസ്യമായി വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. ഇതോടെ ഗണേഷ് കുമാറും എന്‍എസ്എസ് നേതൃത്വവും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുകയാണ്.
















