തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേത്തിന്റെ സഹോദരീ ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിന് നിയമനം നൽകിയതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശൻ. വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷം പ്രതികരണമുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വെച്ച് പറഞ്ഞത്. സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ സ്വന്തം അളിയനെ നിയമിച്ചതിനെതിരെ വലിയ വിമർശമുയർന്നിരുന്നു. അതേസമയം, ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം.
എൽഡിഎഫ് ഭരണകാലത്ത് മന്ത്രിമാർ ബന്ധുക്കളെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെതിരെ യുഡിഎഫ് നേതാക്കൾ കടുത്ത വിമർശനമാണ് ഉയർത്തിയിരുന്നത്. പികെ ശ്രീമതിയും ഇ പി ജയരാജനും കെ ടി ജലീലും നടത്തിയ ബന്ധുനിയമനത്തിന് സമാനമാണ് വൈദ്യുതി മന്ത്രിയുടെ സഹോദരി ഭർത്താവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് എന്നാണ് വിമർശനം. കെപിസിസി പ്രസിഡന്റ് ആയപ്പോൾ സണ്ണി ജോസഫിന്റെ സഹായിയായി കൂടേ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്. മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചരണം ഇടത് കേന്ദ്രങ്ങൾ നടത്തുന്നുണ്ട്.
യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റ്, ഡി സി സി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന നൂറു കണക്കിന് നേതാക്കൾ ഉണ്ടായിട്ടുപോലും അടുത്ത ബന്ധുവായ ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സ്വജന പക്ഷപാതമാണെന്ന വിമർശനമാണ് മറുഭാഗം ഉയർത്തുന്നത്. സണ്ണി ജോസഫിനെ പോലെ സീനിയറായ ഒരു നേതാവ് നിയമനങ്ങളിൽ കൂടുതൽ ജാഗ്രതയും ഔചിത്യവും കാട്ടണമായിരുന്നു എന്നും ചിലർ പറയുന്നു. പ്രതിപക്ഷത്തായിരിക്കുമ്പോൾ ഒരു നയവും ഭരണം ലഭിച്ചാൽ മറ്റൊരു നയവും അതെങ്ങനെ ശരിയാകുമെന്നും പാർട്ടിക്കുള്ളിൽ നിന്നുതന്നെ ചോദ്യം ഉയരുന്നുണ്ട്. രാഷ്ട്രീയ പാരമ്പര്യം ഉണ്ടായിട്ടും പിഎ മുഹമ്മദ് റിയാസിന്റെയും ആർ ബിന്ദുവിന്റെ മന്ത്രിസ്ഥാനവും പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വവുമെല്ലാം പരിഹസിച്ച കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും വലിയ അടിയേറ്റ പോലെയാണ് ബെന്നി തോമസിന്റെ നിയമനം.
















