കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്നും അവാർഡ് നിർണയത്തിൽ സാമ്പത്തികമോ സ്വജനപക്ഷപാതപരമോ ആയ അഴിമതികൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പ്രൊഫഷണൽ ഡ്രാമാ ചേമ്പർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഡ്രാമാ ചേമ്പർ ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി സതീശനും സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥിനും നിവേദനം നൽകി.
സാധാരണയായി മേയ് മാസാവസാനമാണ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ നാടക മത്സരം നടക്കാറുള്ളത്. എന്നാൽ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വിജ്ഞാപനം ഇറക്കി തിരിക്കിട്ട് ഏപ്രിൽ മാസത്തിൽ മത്സരം സംഘടിപ്പിച്ച് അവാർഡുകൾ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. പത്തനാപുരം ഗാന്ധിഭവന്റെ ‘ഗാന്ധി’, കാഞ്ഞിരപ്പള്ളി അമലയുടെ ‘ഒറ്റ’ തുടങ്ങിയ മികച്ച നാടകങ്ങളെ തഴഞ്ഞാണ് ഇത്തവണ നാടക സെലക്ഷൻ നടത്തിയത്.
കേവലം നടന്മാർ മാത്രമായ മൂന്നുപേരെ ജൂറിയാക്കി അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി പ്രധാന അവാർഡുകളെല്ലാം തനിക്ക് വേണ്ടപ്പെട്ടവർക്ക് വീതിച്ചു നൽകിയെന്നാണ് ഡ്രാമാ ചേമ്പറിന്റെ ആരോപണം. ഇതിൽ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിക്കുന്ന ഇതിവൃത്തമുള്ള ‘വംശം’ എന്ന നാടകത്തിനാണ് മികച്ച നാടകത്തിനുള്ള അവാർഡ് നൽകിയിരിക്കുന്നത്. ഒരു ഭരണഘടനാ സ്ഥാപനമായ കേരള
സംഗീത നാടക അക്കാദമി, ഭരണഘടനാവിരുദ്ധ പ്രമേയങ്ങളെ സർക്കാർ അവാർഡുകൾ നൽകി പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണ്. ഇതിന് കൂട്ടുനിന്നവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊഫഷണൽ ഡ്രാമാ ചേമ്പർ പ്രസിഡൻ്റ് സി.ഡി ദേശികൻ, ജനറൽ സെക്രട്ടറി സജി സാരഥി, ട്രഷറർ ദേവാനന്ദൻ പനമ്പുകാട് എന്നിവരടങ്ങുന്ന സംഘമാണ് സർക്കാരിന് നിവേദനം നൽകിയത്.