സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കേരള പൊലീസ്. മനുഷ്യന്റെ ദുഖവും മരണവും സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നുവെന്ന് കേരള പൊലീസ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പൊലീസിന്റെ പ്രതികരണം.
ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകാം. Information Technology Act, 2000-Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും കേരള പൊലീസ് ഓര്‍മിപ്പിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ മകനും നടനുമായ ചന്തു ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രകോപിതനായ സംഭവം വലിയ ചര്‍ച്ചയായിരുന്നു. തിരക്കിനിടയിലേക്ക് തള്ളിക്കയറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ദേഷ്യപ്പെടുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത ചന്തുവിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
മനുഷ്യന്റെ സ്വകാര്യതയിലേക്ക് ആവശ്യമില്ലാതെ എത്തിനോക്കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ച് നിരവധി ആളുകളാണ് ഈ വീഡിയോകള്‍ക്ക് താഴെ പ്രതികരിച്ചത്. കോടതിയും പൊലീസും വിഷയത്തില്‍ ഇടപെടണമെന്നും കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യം ഉയര്‍ന്നു. ഇതിനുപിന്നാലെയാണ് കേരള പൊലീസിന്റെ ഇത്തരത്തിലൊരു പ്രതികരണം ഉണ്ടാകുന്നത്.
സലിംകുമാറിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ വീഡിയോ എടുക്കാന്‍ നവമാധ്യമങ്ങളിലെ പ്രതിനിധികളാണ് ഏറെയും അവിടെ തിക്കം തിരക്കും ഉണ്ടാക്കിയത്. സലിംകുമാറിന്റെ കുടുംബക്കാര്‍ക്കു പോലും ഒന്നു നിവര്‍ന്നു നില്‍ക്കാനോ, ചടങ്ങുകള്‍ നടത്താനോ കഴിയാത്ത വിധം അസ്വസ്ഥതകള്‍ ഉണ്ടാക്കി. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇഠപെടേണ്ട സാഹചര്യം അവിടെ ഉടലെടുത്തു എന്നതാണ്. ഇത്രമാത്രം കണ്ടന്റ് ക്രിയേറ്റര്‍മാരുടെ അനാവശ്യ ഇടപെടലുകളെ എങ്ങനെ നിയന്ത്രിക്കണമെന്നത് ചൂണ്ടിക്കാട്ടുക കൂടിയാണ് കേരളാ പോലീസ്.
















