കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെയാണ് കേരളത്തില്‍ ആദ്യമായി നിപ്പ സ്ഥിരീകരിക്കുന്നതും ജാഗ്രതയോടെ ഇടപെട്ടതും. പിന്നീട് അതിനെ പൂര്‍ണ്ണമായി തുടച്ചു നീക്കാനായെങ്കിലും, ഇഠക്കാലത്ത് വീണ്ടും നിപ്പ സജീവമായിരുന്നു. എന്നാല്‍, അതിനെയും പ്രതിരോധിച്ച് കേരളം മുന്നോട്ടു പോയി. ഇപ്പോഴിതാ വീണ്ടും നിപ്പ സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ നിപ്പ രാഷ്ട്രീയ പ്രശ്‌നമായി മാറി. കേരളത്തില്‍ നിപ്പ ആദ്യം വന്നപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ് ആണ് ഇപ്പോള്‍ ഭരിക്കുന്നത്. അന്ന് മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയനെയും ആരോഗ്യ മന്ത്രിയെയും കണക്കിന് പ്രഹരിച്ച കെ. മുരളീധരന്‍ ഇപ്പോള്‍ ആരോഗ്യ മന്ത്രി കൂടിയാണ്.
അദ്ദേഹം പ്രതിപക്ഷത്തായിരുന്നപ്പോള്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ തിരിഞ്ഞു കുത്തുകയാണ്. സംസ്ഥാനത്തു വീണ്ടും നിപ്പ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രി കെ.മുരളീധരന്റെ 2021ലെ ‘എരണംകെട്ടവന്‍’ പ്രസംഗം ചര്‍ച്ചയാക്കി സമൂഹമാധ്യമങ്ങളും സിപിഎം മുഖപത്രവും. മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും സമൂഹമാധ്യമത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചു. ”കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപ്പയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നടത്തിയ പ്രസംഗം ഇന്നു പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ” – വീണാ ജോര്‍ജ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
”എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാട് മുടിയും എന്നാണ് 2021ല്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമര്‍ശിച്ച് മുരളീധരന്‍ പ്രസംഗിച്ചത്. നിപ്പ പോലെ ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍ കേരളത്തില്‍ ബാധിക്കുന്നു. വവ്വാലാണത്രേ അതു പരത്തുന്നത്. കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോള്‍ നാട്ടില്‍ വവ്വാല്‍ ഉണ്ടായിരുന്നില്ലേ. ഇപ്പോള്‍ വവ്വാല്‍ രോഗം പരത്താന്‍ കാരണം ഭരിക്കുന്നവര്‍ ശരിയല്ലാത്തതുകൊണ്ടാണ്” – ഇതായിരുന്നു മുരളീധരന്റെ പഴയ പ്രസംഗം.
കെ. കരുണാകരന്റെ കാലത്തെ വവ്വാലുകള്‍ക്ക് എന്തു പറ്റി എന്ന തലക്കെട്ടോടെയാണ് സിപിഎം മുഖപത്രം മുരളീധരനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ശാസ്ത്രീയബോധമില്ലാതെ അന്നു രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം പ്രസംഗിച്ച ആരോഗ്യമന്ത്രിക്ക് ഇപ്പോഴും അതേ അഭിപ്രായം തന്നെയാണോ ഉള്ളതെന്ന ചോദ്യമാണ് ഉയരുന്നതെന്നും അവര്‍ പറയുന്നു.