വാഴോട്ടുകോണം കൗണ്‍സിലറെ കാപ്പാ കേസില്‍ പോലീസ് പിടികൂടിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ അടങ്ങിയിട്ടില്ല. സുഗതനെ അയോഗ്യനാക്കണമെന്ന ആവശ്യം ശക്തമാക്കി എല്‍.ഡി.എഫും യു.ഡി.എഫും രഗത്തു വന്നിരിക്കുകയാണ്. ഒപ്പം സുഗതനെ വിയ്യൂര്‍ ജയിലിലേക്കു മാറ്റുകയും ചെയ്തു. കോര്‍പ്പറേഷന്‍ ഭരണ സമിതി സുഗതനു വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്യുന്നു. വെടിപൊട്ടിച്ചുള്ള അറസ്റ്റും അറസ്റ്റിനെ എതിര്‍ക്കുന്നതും, അനുകൂലിക്കുന്നതുമെല്ലാം രാഷ്ട്രീയമാണെങ്കിലും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ പോലീസിനെതിരേയുള്ള നിലപാട് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പോലീസിന്റേത് പട്ടി ഷോ ആയിരുന്നുവെന്നാണ് ശ്രീലേഖ സമൂഹ മാധ്യമങ്ങളില്‍ എഴുതിയത്.
പോലീസിനെ പട്ടിക്കു സമമായി കാണുന്നത് മുന്‍ ഡി.ജി.പി ആണെന്ന പ്രത്യേകത കൂടിയുണ്ട്. പല കാര്യങ്ങളിലും ഇടപെട്ട് അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും പോലീസിന്റെ നേരിട്ടുള്ള ഇടപെടലില്‍ അഭിപ്രായം കടുപ്പിക്കുന്നത് ഇതാദ്യമായിട്ടാണ്. ഭരണേ മാറിയിട്ടുള്ളൂ. പക്ഷെ, മറ്റൊന്നും മാറിയിട്ടില്ലെന്നും ശ്രീലേഖ പറയുന്നു. നിയമസഭാ തെരഞ്ഞെുപ്പില്‍ സ്ഥാനാര്‍ത്ഥി ആണെന്നു അറിഞ്ഞപ്പോഴേ തന്നെ തോല്‍പ്പിക്കാന്‍ പോലീസില്‍ പണി തുടങ്ങിയിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന്‍ എങ്ങനെ ഗുണ്ടയായി ? എന്ന തലക്കെട്ടിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ശ്രീലേഖയുടെ പോസ്റ്റ് ഇങ്ങനെ
- വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ എങ്ങനെ ഗുണ്ടയായി?
‘കഴിഞ്ഞ 10 വര്‍ഷത്തെ സിപിഎം ദുര്‍ഭരണത്തില്‍ കേരളത്തില്‍ ആകെ സ്റ്റേറ്റ് സ്പോണ്‍സേഡ് ഗുണ്ടാ വിളയാട്ടമായിരുന്നല്ലോ? അതിനെതിരെ ധൈര്യപൂര്‍വ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതന്‍. വട്ടിയൂര്‍ക്കാവില്‍ ഉണ്ടായിരുന്ന സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും, നാട്ടുകാര്‍ക്ക് വേണ്ടി പൊരുതി നില്‍ക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകള്‍ പോലീസ് എടുത്തത്. എല്ലാം സിപിഎം നേതാക്കളുടെ ആജ്ഞ പ്രകാരം. ഇതെല്ലാം അറിയാവുന്ന ജനമാണ് സുഗതനനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത്. അത് സിപിഎമ്മുകാര്‍ക്ക് വലിയ തിരിച്ചടിയായി. 25 വാര്‍ഡ് ഉള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 11 എണ്ണം ബിജെപിയും 9 എണ്ണം കോണ്‍ഗ്രസ്സും കൊണ്ടുപോയത് അവിടെയുള്ള സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം കാരണമായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ഥി ആണെന്നറിഞ്ഞപ്പോള്‍ തുടങ്ങി പോലീസ് എനിക്കെതിരെയും എടുത്തല്ലോ 2 കള്ള കേസുകള്‍? കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. ഇപ്പോഴും പോലീസും ജില്ലാ അധികാരികളും മറ്റുള്ള ഉദ്യോഗസ്ഥരും ഒക്കെ സിപിഎം പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളും വിധേയരുമാണ്. ജൂണ്‍ 9 രാതി 9 മണിക്ക് സിപിഎം നേതാക്കള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീട്ടിനു മുന്‍പില്‍ അരങ്ങേറിയത്. കാപ്പ പ്രതിയെ ഒരു ലോക മാഫിയ തലവനെയോ, തീവ്രവാദിയെയോ പിടിക്കുന്നതുപോലൊന്നും പോലീസ് ഇതേവരെ ചെയ്തിട്ടില്ല.
വെറും നാലുപേര്‍ മാത്രമുള്ള വീട്ടില്‍ ഒരു പ്ലറ്റൂണ്‍ സായുധ പോലീസുമായി 2 വാഹനത്തിന്റെ അകമ്പടിയോടെ ചെന്ന് വീട്ടുകാരെ, പ്രത്യേകിച്ച് 2 കുഞ്ഞുങ്ങളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി, അവിടെയുള്ള സ്ത്രീയുടെ മീതെ ശാരീരിക ആക്രമണം നടത്തി, അതൊന്നും പോരാതെ, അക്രമാസക്തമായ വലിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പോലെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മഫ്റ്റി വേഷത്തില്‍ ചീപ്പ് ഹീറോയിസം കാണിച്ച എസ്എച്ചഒ വിപിന്‍ ഒരു കമ്മ്യൂണിസ്റ്റ് പോലീസ് ആണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? അയാളെ തിരഞ്ഞെടുപ്പിന് മുന്‍പ് സിപിഎം സര്‍ക്കാര്‍ പ്രത്യേകമായി ചെങ്ങന്നൂരില്‍ നിന്ന് കൊണ്ട് വന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ നിയമിച്ചത് അവിടെ മൂന്നാം വട്ടവും വി.കെ.പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാം.
സുഗതന്‍ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണ്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെയല്ലാതെ ഒരാള്‍ക്കും എതിരെ സുഗതന്‍ പ്രതികരിച്ചിട്ടില്ല. സഹായിച്ചിട്ടേ ഉള്ളൂ. ഇതൊന്നും ഇപ്പോഴും സിപിഎം വിധേയത്വം വിട്ടു മാറാത്ത ഒരു പൊലീസുകാരും സര്‍ക്കാരിനെ അറിയിക്കാന്‍ പോകുന്നില്ല. അതുകൊണ്ടാണ് എനിക്ക് പറയേണ്ടി വന്നത്. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് അല്ല, ഇന്ത്യ മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാല്‍ അതില്‍ അതിശയപ്പെടേണ്ടതില്ല’.
















