നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ രണ്ട് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഗൺമാൻമാരുടെ അറസ്റ്റ് ഇന്നും രേഖപ്പെടുത്തിയില്ല. ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം പ്രതികളുടെ തിരിച്ചറിയിൽ പരേഡ് പൂർത്തിയായി. നാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവടുപ്പ് നടത്താനാണ് എസ്ഐടി നീക്കം.
പരാതിക്കാരായ എ.ഡി തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും ഒന്നാം സാക്ഷി ജോജിമോൻ ജോസഫും പ്രതികളെ തിരിച്ചറിഞ്ഞു. എസ്ഐടി ഓഫീസിലായിരുന്നു തിരിച്ചറിയൽ പരേഡ്. നേതാക്കളെ മർദിക്കാൻ ഉപയോഗിച്ച ചൂരൽ വടി ഇതുവരെ കണ്ടെത്താനായിട്ടില്ല. മർദനത്തിന് ഉപയോഗിച്ചത് ലാത്തി ആണെന്നായിരുന്നു ജാമ്യ ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം. ഇത് കള്ളമാണെന്ന് എ ഡി തോമസ് എംഎൽഎ പ്രതികരിച്ചു.
മർദിക്കാൻ ഉപയോഗിച്ച ആയുധത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികൾ ഇതുവരെ മറുപടി നൽകിയിട്ടില്ല. ചോദ്യം ചെയ്യാൻ കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ, തെളിവെടുപ്പിനൊരുങ്ങുകയാണ് എസ്ഐടി. നവകേരള ബസിനു നേരെ പ്രതിഷേധമുണ്ടായ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അധിക പൊലീസ് സുരക്ഷയും എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights : The arrest of the gunmen has not been recorded to this day
















