തമിഴ് സിനിമയെയും രാഷ്ട്രീയ ലോകത്തെയും ഒരുപോലെ പിടിച്ചുലച്ച ഒന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം നൽകിയ വിവാഹമോചന ഹർജി. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. എന്നാൽ, ആരാധകർക്ക് ഏറെ ആശ്വാസം നൽകുന്ന പുതിയ വാർത്തകളാണ് ഇപ്പോൾ തമിഴകത്ത് നിന്ന് പുറത്തുവരുന്നത്; ഇരുവരും തമ്മിലുള്ള ഭിന്നതകൾ രമ്യമായി പരിഹരിക്കപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിജയ്‌യും സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് നിയമപരമായ വഴിത്തിരിവുകളിലൂടെ കടന്നുപോകെയാണ് പുതിയ അഭ്യൂഹം ശക്തിയാർജിച്ചത്. ദമ്പതിമാർക്കിടയിലെ ഭിന്നതകൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ശക്തമായി മുന്നിട്ടിറങ്ങിയതായാണ് റിപ്പോർട്ട്.
അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന്, ലണ്ടനിലുള്ള സംഗീത ചെന്നൈയിലെ നീലാംകരെ ഇല്ലത്തേക്ക് മടങ്ങിയെത്തിയെന്നും ഇരുവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ച് സമയം ചെലവഴിക്കുകയാണെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
ജൂൺ 22നാണ് വിജയ്‌യുടെ ജന്മദിനം. ഇതിനോടനുബന്ധിച്ച് ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സോഷ്യൽ മീഡിയാ ഫാൻസ് ഗ്രൂപ്പുകളിൽ പരക്കുന്ന ഊഹാപോഹം. മുമ്പ് അച്ഛൻ ചന്ദ്രശേഖറുമായുള്ള വിജയ്‌യുടെ പിണക്കവും അമ്മ ശോഭ ഇടപെട്ടാണ് തീർത്തത്.
വിജയ് – സംഗീത വിവാഹമോചനക്കേസ് ഇങ്ങനെ
2021-ൽ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കമെന്ന് വിവാഹമോചന ഹർജിയിൽ സംഗീത ആരോപിച്ചു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടർന്നുവെന്നാണ് ഹർജിയിലെ വാദം. തന്റെ വിവാഹബന്ധം ഇപ്പോൾ പേപ്പറിൽ മാത്രമാണ് നിലനിൽക്കുന്നതെന്നും ഇനിയൊരു ഒത്തുതീർപ്പിന് സാധ്യതയില്ലെന്നും അവർ കോടതിയെ അറിയിച്ചു.
വിജയ് തന്നെ തന്റെ സാമൂഹികവും ഔദ്യോഗികവുമായ സർക്കിളുകളിൽ നിന്ന് ഒഴിവാക്കിയതായി സംഗീത ആരോപിച്ചു. എന്നാൽ അതേ സമയം ആ നടിയോടൊപ്പം അദ്ദേഹം വിദേശ യാത്രകൾ നടത്തുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരം പരിപാടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തനിക്കും മക്കളായ ജേസൺ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും വലിയ അപമാനവും മാനസിക വിഷമവും ഉണ്ടാക്കിയെന്നും സംഗീത ഹർജിയിൽ പറഞ്ഞു.
തനിക്ക് മുൻപ് ലഭിച്ചിരുന്ന സൗകര്യങ്ങൾ വിജയ് പിൻവലിക്കുകയും സാമ്പത്തികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി സംഗീത പരാതിപ്പെട്ടു. തന്റെ സഞ്ചാര സ്വാതന്ത്ര്യം പോലും നിയന്ത്രിക്കപ്പെട്ടതായും അവർ ആരോപിക്കുന്നു. ഈ സംഭവങ്ങളും സോഷ്യൽ മീഡിയയിലെ വിവാദങ്ങളും തനിക്ക് കടുത്ത മാനസിക ആഘാതമാണ് നൽകിയതെന്നും സംഗീത വ്യക്തമാക്കി.
















