കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ‘വാർത്ത’ ശില്പശാല സംഘടിപ്പിച്ചു. CTCRI ഡയറക്ടർ ഡോ.ജി.ബൈജു ശില്പശാല ഉദ്ഘാടനം ചെയ്തു. കാർഷിക രംഗത്തെ പുത്തൻ കണ്ടെത്തലുകൾ കൃത്യസമയത്തും കൃത്യതയോടെയും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലും കർഷകരിലേക്ക് എത്തിക്കുന്നതിൽ മാധ്യമപ്രവർത്തകർ പ്രധാന പങ്കുവഹിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞർ അറിവ് ഉത്പാദിപ്പിക്കുമ്പോൾ, മാധ്യമങ്ങൾ ആ അറിവിനെ വ്യാപിപ്പിക്കുകയും സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രജ്ഞർ, കർഷകർ, നയരൂപകർത്താക്കൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് ഒന്നിച്ച് പ്രവർത്തിച്ചുകൊണ്ട് ഇന്ത്യയ്ക്കായി സുസ്ഥിരവും സമൃദ്ധവും അതിജീവനശേഷിയുള്ളതുമായ ഒരു കാർഷിക ഭാവി കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ശ്രീകാര്യത്തെ CTCRI യിൽ നടന്ന ചടങ്ങിൽ പിഐബി തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി IIS അധ്യക്ഷത വഹിച്ചു. ഗവൺമെൻ്റ് പദ്ധതികൾ, പരിപാടികൾ, സംരംഭങ്ങൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് മാധ്യമപ്രവർത്തകരുടെ ധർമമാണെന്നും വികസനാധിഷ്ഠിത ആശയവിനിമയം ജനങ്ങളെ സ്വാധീനിക്കുന്നത് കൊണ്ടുതന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തനത്തിൽ വാർത്തകളുടെ സത്യസന്ധതയും കൃത്യതയും നിലനിർത്തുന്നതും കാലാനുസൃതമായി തൊഴിൽ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതും അത്യന്താപേക്ഷിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഐബി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി IIS സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ പിഐബി തിരുവനന്തപുരം ഇൻഫർമേഷൻ അസിസ്റ്റൻ്റ് ശ്രീമതി നിഖിത എ എസ് നന്ദി പറഞ്ഞു.
കേന്ദ്ര ഗവൺമെൻ്റിൻ്റെ 12 വർഷത്തെ പ്രവർത്തനങ്ങളിലൂന്നിയായിരുന്നു ശില്പശാല സംഘടിപ്പിച്ചത്. സമൂഹത്തിനായുള്ള കൃഷി ശാസ്ത്രം: ജീവിതവും ഉപജീവനവും മെച്ചപ്പെടുത്തുന്നു എന്ന വിഷയത്തിൽ സിടിസിആർഐ സീനിയർ സയന്റിസ്റ്റ് ഡോ. ഡി. ജഗന്നാഥൻ ക്ലാസ് നയിച്ചു. ഗവേഷണത്തിൽ നിന്ന് നൂതനാശയത്തിലേക്ക്: ശാസ്ത്രത്തെ പ്രായോഗിക നേട്ടങ്ങളാക്കി മാറ്റുന്നു എന്ന വിഷയത്തിൽ CSIR-NIIST ശാസ്ത്രജ്ഞൻ Er. വി.വി. വേണുഗോപാൽ ആശയവിനിമയം നടത്തി. റോക്കറ്റ് വിക്ഷേപണങ്ങൾ മുതൽ ഗവേഷണ ലാബുകൾ വരെ: ശാസ്ത്ര റിപ്പോർട്ടിംഗിന്റെ കല എന്ന വിഷയത്തിൽ കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീ പി എച്ച് സനൽ കുമാർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി CTCRI-യിൽ പ്രദർശനവും നടന്നു.
















