സംസ്ഥാനത്ത് ഡെങ്കിപ്പനി, നിപ, ഷിഗല്ല തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ തീവ്ര ‘ഡ്രൈ ഡേ’ ആചരണം. കൊതുകുകളുടെ ഉറവിട നശീകരണത്തിനും ശുചീകരണത്തിനുമായി സ്‌കൂളുകള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ദിവസങ്ങളിലായാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കും. നാളെ (ശനിയാഴ്ച) സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തദ്ദേശ സ്ഥാപനങ്ങളെക്കൂടി ഏകോപിപ്പിച്ചുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശക്തമാക്കുന്നത്. അതേസമയം, എബോള ബാധ സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച സ്ത്രീയുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. കഴിഞ്ഞ ദിവസം സൗത്ത് സുഡാനില്‍ നിന്നെത്തിയ ഇവര്‍ക്ക് കടുത്ത പനിയുണ്ടായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവരുടെ സ്രവ സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പത്ത് ദിവസം മുമ്പാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ നിപ ലക്ഷണങ്ങളോടെ മൂന്ന് പേര്‍ കൂടി ഇവിടെ നിരീക്ഷണത്തിലുണ്ട്. വ്യാപനം തടയുന്നതിനായി രോഗത്തിന്റെ ഉറവിടം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ഇവരുടെ പരിശോധനാ ഫലങ്ങളും ഉടന്‍ പുറത്തുവരും. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ജാഗ്രത ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
















