Kerala

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

നിരത്തുകളില്‍ ഓടുന്ന കാലനാണ് ടിപ്പര്‍ ലോറികള്‍. സ്‌കൂള്‍ തുറന്നതോടെ കുരുന്നുകള്‍ നിരത്തുകളില്‍ നിര്‍ബാധം സ്‌കൂളുകളില്‍ പോകുന്നുണ്ട്. ഇതിനിടയിലൂടെ മണ്ണും കല്ലുമൊക്കെയായി നൂറേ നൂറില്‍ അഭ്യാസം നടത്തുന്ന ടിപ്പര്‍ ലോറികള്‍ കവര്‍ന്നെടുക്കുന്ന ജീവനുകള്‍ നിരവധിയാണ്. കൊട്ടാരക്കരയുടെ പുലരിക്ക് ഇന്ന് മരണത്തിന്റെ മണം നല്‍കിയതും ടിപ്പറെന്ന കാലനാണ്. കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. ഹരിലാല്‍ (54), അജയകുമാര്‍ (45), പാര്‍ത്ഥിപ് (15) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടസമയത്ത് എട്ടു പേര്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ടിപ്പറിനടിയില്‍ പൈട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.

അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. വിദ്യാര്‍ത്ഥികളായ കുശാല്‍ (15), ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി ബോള്‍ (15), ടിപ്പര്‍ ഡ്രൈവര്‍ നിസാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ മെഡിസിറ്റിയിലും, ഒരാള്‍ ഗോകുലം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി വെന്റിലേറ്ററിലാണെന്നാണ് വിവരം. മരണപ്പെട്ടവരില്‍ ഹരിലാല്‍ ട്യൂട്ടോറിയല്‍ അധ്യാപകനാണ്. മകനെ ബസ് കയറ്റിവിടാനാണ് അജയകുമാര്‍ എത്തിയത്. ലോറി അമിതവേഗതയില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം. ഇറക്കം ഇറങ്ങിവരുമ്പോള്‍ ബൈക്കിലിടിച്ച ശേഷമാണ് ലോറി മറിഞ്ഞത്. ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഫയര്‍ഫോഴ്സ് എത്തി ടിപ്പര്‍ ഉയര്‍ത്തിയതിന് ശേഷമാണ് മണ്ണിനടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്. ലോറിയുടെ അമിതവേഗതയാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ലോറിയില്‍ ഉണ്ടായിരുന്ന മണ്ണ് ബസ് സ്റ്റോപ്പിലുണ്ടായിരുന്നവരുടെ മുകളിലേക്ക് മറിഞ്ഞു. തകര്‍ന്ന മതിലിന്റെയും, ബസ് സ്റ്റോപ്പിന്റെയും അവശിഷ്ടങ്ങളും ആളുകളുടെ ശരീരത്തിന് മുകളിലേക്ക് പതിച്ചു. രാവിലെ ഏഴിന് വരുന്ന ബസില്‍ കയറാന്‍ നിരവധി പേര്‍ സ്റ്റോപ്പില്‍ കാത്തുനില്‍പുണ്ടായിരുന്നു. ബസ് വരാന്‍ അല്‍പം വൈകി. പതിനഞ്ചോളം പേര്‍ സ്റ്റോപ്പിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചിലര്‍ ഓടി രക്ഷപ്പെട്ടു. മതിലിനോട് ചേര്‍ന്ന് ബസ് കാത്തുനിന്നവരാണ് അപകടത്തില്‍പെട്ടത്. ലോറി മതിലിലേക്ക് പാഞ്ഞുകയറിയാണ് അപകടത്തില്‍പെട്ടത്.

സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര സാഹചര്യത്തെ നേരിടാന്‍ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. പൊലീസിനെ വെട്ടിച്ച് മണ്ണ് കടത്താനുള്ള ശ്രമമായിരുന്നോ എന്ന് സംശയിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ടിപ്പര്‍ ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. ഇയാള്‍ ഒരു മാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നു. അമിത വേഗതയാണ് അപകടകാരണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഈ ടിപ്പര്‍ ലോറിക്ക് 17 വര്‍ഷത്തെ പഴക്കമുണ്ട്. നിയമലംഘനങ്ങള്‍ക്ക് ഈ വാഹനം നേരത്തെയും പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് ശരിയായ രീതിയിലാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.