എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ട ശേഷം താത്ക്കാലികമായി മരവിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിന്‍മേല്‍ എന്തു ചെയ്യണം എന്ന് തീരുമാനിക്കാനുള്ള ഗൗരവമേറിയതും വിവാദമാകാന്‍ സാധ്യതയുള്ളതുമായ യോഗം ഇന്ന് നടക്കും. പദ്ധതിയിന്‍മേല്‍ തീരുമാനം എന്തായാലും വിവാദം ഉറപ്പാണ്. ഒപ്പിട്ട സര്‍ക്കാര്‍ പച്ചനുണ പറഞ്ഞ് പിടിച്ചു നില്‍ക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, തുടര്‍ന്നു വന്ന സര്‍ക്കാരിന് നേരത്തെ ഒപ്പിട്ട പദ്ധതി ഉപേക്ഷിക്കാനാവാത്ത സ്ഥിതിയുണ്ട്. കാരണം, സംസ്ഥാന സര്‍ക്കാരിന് ഈ പദ്ധതിയില്‍ നിന്നും ഏകപക്ഷീയമായി പിന്‍മാറാനാകില്ല എന്നതാണ് സാങ്കേതികമായ പ്രശ്‌നം. കേന്ദ്രസര്‍ക്കാരിനു മാത്രമേ ഇതില്‍ നിന്നും ഒഴിവാക്കാനാവൂ.
എന്നാല്‍, ഇടതു സര്‍ക്കാരിന്റെ തന്ത്രപരമായ നീക്കമെന്ന് വിശേഷിപ്പിക്കപ്പെട്ടതും നേതാക്കന്‍മാര്‍ ചാനലിലും, വാര്‍ത്താ സമ്മേളനങ്ങളിലും ഘോരഘോരം ന്യായീകരിച്ച പി.എം.ശ്രീയും എന്‍.ഇ.പിയും എസ്.എസ്.എ ഫണ്ടും എല്ലാം ഇപ്പോള്‍ തിരിഞ്ഞു കുത്തുകയാണ്. തെരഞ്ഞെടുപ്പില്‍ നിഷ്പ്രയാസം വിജയം സ്വപ്‌നം കണ്ടാണ് ഇടതുപക്ഷം ഇതെല്ലാം ഒപ്പിട്ടതും, ഫണ്ടു വാങ്ങിയതും. എന്നാല്‍, ജനം തിരിച്ചടി നല്‍കിയതോടെ കള്ളമെല്ലാം പൊ1ളിഞ്ഞു വീണു. പി.എം ശ്രീ ഒപ്പിട്ടത് മുന്നണിയിലെ സി.പി.ഐ പോലുമറിഞ്ഞില്ല എന്നതാണ് വലിയ വസ്തുത. അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പദ്ധതിയെ ശക്തമായി ന്യായീകരിക്കുകയും, പിന്നീട് തെറ്റു തിരുതിരുത്തിയെന്നും പറഞ്ഞതും കേരളം കേട്ടു. പദ്ധതിയില്‍ ഒപ്പിടുകയും ചെയ്തു.
പുതിയ സര്‍ക്കാരിന്റെ നയപരമായ നടപടികളെ വിമര്‍ശിക്കുമ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതെല്ലാം ശരിയാണെന്ന് പറയാനാകില്ല എന്ന സ്ഥിതിയാണ്. പി.എം ശ്രീ നടപ്പാക്കാതെ തരമില്ലെന്ന അവസ്ഥയിലാണ്, കേരളത്തില്‍ ഇത് എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നതില്‍ സമഗ്രമായ തീരുമാനമെടുക്കാന്‍ യോഗം ചേരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ‘പിഎം ശ്രീ’ സ്‌കൂള്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രത്തില്‍നിന്ന് പിന്മാറുന്നതിലെ നിയമസാധുതകള്‍ പരിശോധിക്കാന്‍ രൂപീകരിച്ച പ്രത്യേക മന്ത്രിസഭാ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
കേന്ദ്ര സര്‍ക്കാരുമായി ഔദ്യോഗികമായി കരാറില്‍ ഒപ്പിട്ട സാഹചര്യത്തില്‍, പദ്ധതിയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയാല്‍ നേരിടേണ്ടി വന്നേക്കാവുന്ന നിയമപരമായ തടസങ്ങളും ഭരണഘടനാപരമായ പ്രത്യാഘാതങ്ങളുമാകും ഉപസമിതി പ്രധാനമായും പരിശോധിക്കുക. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിഷയം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട കരാറായതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയല്ലാതെ മറ്റ് നിര്‍വ്വാഹമില്ലെന്ന സാങ്കേതിക നിലപാടിലായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശന്‍ തുടക്കത്തില്‍ എത്തിയിരുന്നത് . എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് ‘കാവിവല്‍ക്കരണം’ നടക്കുമെന്ന കടുത്ത ആശങ്ക മുന്‍നിര്‍ത്തി ഘടകകക്ഷിയായ മുസ്ലിം ലീഗും വിവിധ സമുദായ സംഘടനകളും സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം പുനഃപരിശോധിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
പദ്ധതി ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി യോഗത്തില്‍ ശക്തമായ പൊതുവികാരം ഉയരുകയും പാര്‍ട്ടി നേതൃത്വം അത് അംഗീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയെ കഠിനമായി എതിര്‍ത്തിരുന്ന യുഡിഎഫ്, ഭരണത്തിലെത്തിയപ്പോള്‍ അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വലിയ തോതില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി ‘ചവറ്റുകുട്ടയില്‍ എറിയുമെന്ന’ ലീഗ് നേതാവ് കെ.എം ഷാജിയുടെ മുന്‍ പ്രസംഗം സഭയില്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് അടിയന്തരമായി ഉപസമിതി രൂപീകരിച്ചത്.
പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷനായ സമിതിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജിഎം.ജോണ്‍, ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്, എക്‌സൈസ് വകുപ്പ് മന്ത്രി എം.ലിജു എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇന്ന് വൈകിട്ട് നടക്കുന്ന ആദ്യ സിറ്റിംഗിന് ശേഷം സമിതി തയ്യാറാക്കുന്ന വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഘടകകക്ഷികളുടെയും വിവിധ സംഘടനകളുടെയും ഭാഗത്തുനിന്നുള്ള കടുത്ത എതിര്‍പ്പ് കണക്കിലെടുത്ത്, നിയമപരമായ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് ഘട്ടംഘട്ടമായി പിന്നോട്ടുപോയേക്കുമെന്ന സൂചനകളാണ് നിലവില്‍ പുറത്തുവരുന്നത്.
















