മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപത പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമായ ധന്യന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപത്തിമൂന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 1 മുതല്‍ 15 വരെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. 15 ന് നടക്കുന്ന ഓര്‍മ്മപ്പെരുന്നാളില്‍ സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആര്‍ച്ചുബിഷപ്പുമായ അത്യുന്നത കര്‍ദിനാള്‍ ആന്റണി പൂള മുഖ്യാതിഥിയായിരിക്കും. ജൂലൈ 1 ന് വൈകിട്ട് 5 ന് കുര്‍ബ്ബാനയ്ക്ക് തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ അലക്‌സിയോസ് നേതൃത്വം നല്‍കും.
തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ കൂരിയാ മെത്രാന്‍ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസ്, വിവിധ ഭദ്രാസന വികാരി ജനറല്‍മാരായ വെരി റവ. ജോസ് കോന്നത്തുവിള (പാറശ്ശാല), വെരി. റവ. ജോബ് കല്ലുവിള (മാവേലിക്കര), വെരി. റവ. തോമസ് കയ്യാലയ്ക്കല്‍ (തിരുവനന്തപുരം), റൈറ്റ് റവ. തോമസ് ഞാറയ്ക്കാട് കോര്‍ എപ്പിസ്‌കോപ്പ (മൂവാറ്റുപുഴ), വെരി റവ. വര്‍ഗ്ഗീസ് വിനയാനന്ദ് ഓ.ഐ.സി. (ഡെല്‍ഹി ഗുഡ്ഗാവ്) വെരി റവ. ഐസക് പറപ്പള്ളില്‍ (തിരുവല്ല), റൈറ്റ് റവ. എല്‍ദോ പുത്തംകണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ (പുത്തൂര്‍), ബഥനി സന്യാസ സമൂഹാധ്യക്ഷന്‍ വെരി. റവ. ഗീവര്‍ഗ്ഗീസ് കുറ്റിയില്‍ ഓ.ഐ.സി., മലങ്കര മേജര്‍ സെമിനാരി റെക്ടര്‍ വെരി. റവ. ജിജി ഫിലിപ്പ് ചരിവുപുരയിടം എന്നിവര്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും.
ജൂലൈ 4 ന് ലത്തീന്‍ ക്രമത്തില്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് ഡോ. ആന്റണി വാലുങ്കലും ജൂലൈ 10 ന് സീറോ മലബാര്‍ ക്രമത്തില്‍ തക്കല രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോര്‍ജ്ജ് രാജേന്ദ്രനും, ജൂലൈ 9 ന് തമിഴ് ഭാഷയില്‍ മാര്‍ത്താണ്ഡം ഭദ്രാസന വികാരി ജനറല്‍ വെരി റവ. ജോസ് ബ്രൈറ്റും കുര്‍ബാന അര്‍പ്പിക്കും. 14 ന് വൈകിട്ട് 5 ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടന പദയാത്ര സംഘങ്ങള്‍ കബറിടത്തില്‍ എത്തിച്ചേരും. സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം നടക്കുന്ന മെഴുകുതിരി പ്രദക്ഷിണം ദൈവാലയത്തില്‍ നിന്നും ആരംഭിച്ച് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ ഗേറ്റ് വഴി കാതോലിക്കേറ്റ് സെന്റര്‍, സെന്റ് മേരീസ് സ്‌കൂള്‍ അങ്കണം വഴി കത്തീഡ്രല്‍ ഗേറ്റിലൂടെ കബറിടത്തില്‍ സമാപിക്കും.
ഓര്‍മ്മപ്പെരുന്നാള്‍ ദിവസമായ 15 ന് ബുധനാഴ്ച രാവിലെ 8 ന് ആഘോഷമായ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കും. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള വചന സന്ദേശം നല്‍കും. തുടര്‍ന്ന് കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥനയും ശ്രാദ്ധ സദ്യയും നടക്കും. ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 10 ന് മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് സഭാതല സമിതി നേതൃത്വം നല്‍കുന്ന പ്രധാന തീര്‍ത്ഥാടന പദയാത്ര റാന്നി പെരുനാട്ടില്‍ നിന്നും ആരംഭിക്കും. ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജന്മസ്ഥലമായ മാവേലിക്കരയില്‍ നിന്നുള്ള പദയാത്ര ജൂലൈ 9 ന് ആരംഭിക്കും. മാര്‍ത്താണ്ഡത്തുനിന്നുള്ള പദയാത്രയും, പാറശ്ശാലയില്‍ നിന്നുള്ള പദയാത്രയും ജൂലൈ 13 നും ആരംഭിക്കും. തിരുവല്ല, മൂവാറ്റുപുഴ, പുത്തൂര്‍, ഒഡീഷ, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള പദയാത്രാ സംഘങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പ്രധാന പദയാത്രയോട് ചേരും. ജൂലൈ 1 മുതല്‍ 14 വരെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെ കബറിടത്തില്‍ അഖണ്ഢ പ്രാര്‍ത്ഥന നടക്കും.
















