തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വസ്തുനിഷ്ഠമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍ അഡ്വ. പി സതീദേവി അറിയിച്ചു. ഇരുപത്തിയേഴുകാരിയായ ആരതിയെയാണ് ഇന്നലെ രാത്രി ആറ്റുകാലിലെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അതുല്‍ ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചു നല്‍കിയതിന് ശേഷമാണ് ജീവനൊടുക്കിയത്. യുവതി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ പീഡനം മൂലമെന്ന പരാതിയും ഉര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.
ഇന്നലെ രാത്രി വാടക വീട്ടില്‍ വച്ച് ആരതിയും അതുലും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് അതുല്‍ വീടിനു പുറത്തിരിക്കുമ്പോഴാണ് ആരതി ജീവനൊടുക്കിയതെന്നാണു കരുതുന്നത്. അതുല്‍ തന്നെ ഇക്കാര്യം തന്റെ സുഹൃത്തിനെയും പിന്നീടു പൊലീസിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മുറിയുടെ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആരതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആരതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അതുലിനെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലിന് ആരതി അമ്മയെ ഫോണില്‍ വിളിച്ച് വീട്ടിലെ പ്രശ്നങ്ങള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവയ്ക്കുകയും ചെയ്തു. ഇതു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. 50 പവനോളം സ്വര്‍ണം സ്ത്രീധനമായി നല്‍കിയാണ് വിവാഹം നടത്തിയത്. ഈ സ്വര്‍ണം അതുല്‍ പണയം വച്ചുവെന്നു ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടു വഴക്കുണ്ടാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അതുലിന് മറ്റു പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതും വഴക്കിനു കാരണമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. അടുത്തിടെ ആരതിയുടെ സ്വര്‍ണം വിറ്റ് അതുല്‍ ഒരു വാഹനം വാങ്ങുകയും ചെയ്തിരുന്നു.
















