മുട്ടില്‍ മരം മുറി കേസില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രകൃതി സംരക്ഷണ സമിതി. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്നാണ് ആരോപണം. സര്‍ക്കാര്‍ പ്ലീഡര്‍, രേഖകള്‍ ആവശ്യപ്പെട്ടിട്ടും സൗത്ത് വയനാട് ഡിഎഫ്ഒ ഫയലുകള്‍ നല്‍കാന്‍ തയ്യാറാകാത്തത് സമ്മര്‍ദം കൊണ്ടെന്നും പ്രകൃതി സംരക്ഷണ സമിതി ട്വന്റിഫോറിനോട് പ്രതികരിച്ചു. വനംവകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത് ഗൂഢാലോചനയുടെ ഫലമാണെന്ന് സംശയിക്കുന്നു. മരങ്ങള്‍ വനം വകുപ്പിന്റേതല്ലെന്ന വകുപ്പു മന്ത്രിയുടെ വിചിത്രവാദം ഗൂഢാലോചനയുടെ ഭാഗമെന്നും പ്രകൃതി സംരക്ഷണ സമിതി പറഞ്ഞു.
കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പോയ സര്‍ക്കാരിന്റെ കാലത്തും നടന്നിരുന്നുവെന്നാണ് പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നത്. സര്‍ക്കാര്‍ പ്ലീഡര്‍ ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കാത്തതില്‍ ഡിഎഫ്ഒയ്ക്ക് മുകളില്‍ ശക്തമായ സമ്മര്‍ദമുണ്ട്. സര്‍ക്കാരിന്റെ മൗനാനുവാദം ഇല്ലാതെ എങ്ങെനെയാണ്ഈ രേഖകള്‍ നല്‍കാതിരിക്കുക എന്നാണ് സമിതി പ്രതിനിധികള്‍ ചോദിക്കുന്നത്. ഈ ഗൂഢാലോചനയില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസ് ഇല്ലാതായാല്‍ എസ്‌ഐടി അന്വേഷിക്കുന്ന കേസും ഇല്ലാതാകുമെന്നും അതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് സംശയിക്കുന്നതായും പ്രകൃതി സംരക്ഷണ സമിതി പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ പൊതുസ്വത്ത് കൊള്ളയടിച്ചവര്‍ രക്ഷപ്പെടും എന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. സര്‍ക്കാര്‍ ഇതിന് അനുവദിക്കണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Story Highlights : prakrithi samrakshana samithi allegations on muttil tree felling case
















