വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് എം.എസ്.സി കമ്പനിയുമായി ഓഹരി വില്‍പനയ്ക്ക് അദാനി ഗ്രൂപ്പ് ജൂണ്‍ 29ന് തന്നെ കരാറില്‍ ഏര്‍പ്പെട്ടുവെന്നാണ് സെബിക്കു നല്‍കിയ അറിയിപ്പില്‍ പറയുന്നതെന്നും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഇത്തരത്തില്‍ കരാറില്‍ ഏര്‍പ്പെടാന്‍ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര്യം വന്നുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചു. അവരുടെ കാര്യങ്ങള്‍ എല്ലാം നടന്നു കഴിഞ്ഞു. കരാര്‍ ഒപ്പുവച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രം ആലോചിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ അദാനിക്ക് ഇത്ര ധൈര്യമായി കാര്യങ്ങള്‍ നീക്കാന്‍ കഴിഞ്ഞത്. അവിടെയാണ് വ്യക്തത ഉണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏതു തരത്തിലാണു മുന്നോട്ടുപോകുന്നതെന്ന് തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറയണം.
അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ എം.എസ്.സി കമ്പനി 49 ശതമാനം ഓഹരി നിക്ഷേപം നടത്തുമെന്നും അവര്‍ സെബിയെ അറിയിച്ചിട്ടുണ്ട്. നടക്കാന്‍ പാടില്ലാത്ത എന്തോ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കരുത്. സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമായ നീക്കമാണിത്. വിഴിഞ്ഞം തുറമുഖത്തെ പുതിയ ഉടമയായ ബഹുരാഷ്ട്ര കുത്തകയ്ക്കു വില്‍ക്കുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണാവുന്നതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. 25 ശതമാനത്തില്‍ അധികം ഓഹരികള്‍ കൈമാറുന്നതിനു മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നു കരാറില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതു ലംഘിക്കപ്പെട്ടു.
എംഎസ് സി കമ്പനിക്കു കുത്തകാവകാശം ലഭിച്ചാല്‍ മറ്റു കമ്പനികളുടെ കപ്പലുകള്‍ക്ക് വിഴിഞ്ഞത്ത് അടുക്കാന്‍ കഴിയുമോ എന്നതിലും സംശയമുണ്ട്. വിദേശ കമ്പനിയുടെ ആധിപത്യത്തിലേക്കു വളഞ്ഞ വഴിയിലൂടെ കാര്യങ്ങള്‍ എത്തുകയാണ്. അദാനി ഗ്രൂപ്പിന്റെ സമ്മര്‍ദത്തിനു വഴങ്ങിക്കൊടുക്കുന്ന നിലയുണ്ടാകരുത്.
















