കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) നടത്തുന്ന വിവിധ നിയമനങ്ങളില്‍ കഴിഞ്ഞ ഒരു ദശകമായി തുടരുന്ന ഗുരുതരമായ ക്രമക്കേടുകള്‍, അഴിമതികള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നിവയെക്കുറിച്ചും പി.എസ്.സി അംഗങ്ങളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ‘സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി’ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സമിതി ചെയര്‍മാന്‍ ആര്‍. എസ്. ശശികുമാര്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിശദമായ നിവേദനം നല്‍കി. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയായ പി.എസ്.സിയുടെ സുതാര്യതയെയും വിശ്വാസ്യതയെയും തകര്‍ക്കുന്ന തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് അടുത്തിടെയായി പുറത്തുവന്നിട്ടുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഫിഷറീസ് വകുപ്പിലെ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അടക്കമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷകളില്‍ ‘കുഫോസ്’ (KUFOS) സര്‍വകലാശാലയിലെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് വലിയ തോതില്‍ മുന്‍ഗണന ലഭിച്ചു. ആകെ നടത്തിയ 44 നിയമനങ്ങളില്‍ 38 പേരും കുഫോസിലെ വിദ്യാര്‍ത്ഥികളാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലും ഇന്റര്‍വ്യൂ ബോര്‍ഡിലും ഈ സര്‍വകലാശാലയുമായി ബന്ധപ്പെട്ടവരാണ് ഉണ്ടായിരുന്നത്. മറ്റ് സര്‍വകലാശാലകളിലെ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ബോധപൂര്‍വ്വം ഒഴിവാക്കിയ ഈ സംഭവത്തില്‍, വകുപ്പുതലത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷണം വേണമെന്ന് ഫിഷറീസ് ഡയറക്ടര്‍ തന്നെ ശുപാര്‍ശ ചെയ്തിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇതിനുപുറമേ, പ്ലാനിംഗ് ബോര്‍ഡിലെ ചീഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ ഉത്തരക്കടലാസുകള്‍ കൃത്യമായി മൂല്യനിര്‍ണ്ണയം നടത്തിയില്ലെന്നും ആരോപണമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് ഒന്നാം റാങ്ക് നല്‍കാന്‍ റാങ്ക് ലിസ്റ്റ് ധൃതിപിടിച്ച് പ്രസിദ്ധീകരിച്ചതായും പരാതി ഉയര്‍ന്നുകഴിഞ്ഞു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡി.വൈ.എസ്.പി (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്), സര്‍വകലാശാല പി.ആര്‍.ഓ എന്നിവയിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പരീക്ഷാ സബ് കമ്മിറ്റികളെ മറികടന്നും കടുത്ത ക്രമക്കേടുകള്‍ നടത്തിയതായി ആക്ഷേപമുണ്ട്.
മുന്‍പ് സി.പി.ഓ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ യൂണിവേഴ്‌സിറ്റി കോളേജ് അക്രമസംഭവത്തിലെ പ്രതികളായ വിദ്യാര്‍ത്ഥി നേതാക്കള്‍ എങ്ങനെ റാങ്ക് ലിസ്റ്റിന്റെ മുന്‍പന്തിയില്‍ എത്തിയെന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ പി.എസ്.സി തയ്യാറാകാത്തതും വലിയ വീഴ്ചയായി സമിതി ചൂണ്ടിക്കാണിക്കുന്നു. പി.എസ്.സിയിലെ ചെയര്‍മാനും അംഗങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഉപജാപക സംഘമാണ് ക്വസ്റ്റ്യന്‍ പേപ്പര്‍ സെറ്റേഴ്‌സിനെ നിയോഗിക്കുന്നതെന്നും, ചോദ്യങ്ങള്‍ കാലേകൂട്ടി ലഭിക്കാന്‍ വഴിയൊരുക്കുന്നതിലൂടെയാണ് എഴുത്തുപരീക്ഷകളില്‍ കൃത്രിമം നടക്കുന്നതെന്നും ആരോപണമുണ്ട്. അടുത്തിടെ താരതമ്യേന പ്രായം കുറഞ്ഞ ഡി.വൈ.എഫ്.ഐയുടെ ഒരു വനിതാ നേതാവിനെ പി.എസ്.സി അംഗമായി നിയമിച്ചത്, ചോദ്യകര്‍ത്താക്കളെ സ്വാധീനിക്കുന്നതിനായി ആസൂത്രിതമായി ചെയ്തതാണെന്നും സമിതി ആരോപിക്കുന്നു
ഇത്തരം തുടര്‍ച്ചയായ സംഭവങ്ങള്‍ പി.എസ്.സി എന്ന ഭരണഘടനാ സ്ഥാപനം പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു എന്ന പൊതുജനധാരണയ്ക്ക് കാരണമായിട്ടുണ്ടെന്ന് സമിതി വ്യക്തമാക്കുന്നു. ഇത് രാത്രിയും പകലും കഷ്ടപ്പെട്ട് പഠിക്കുന്ന സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ ആത്മവിശ്വാസം തകര്‍ക്കുകയും കേരളത്തിലെ പ്രതിഭകളായ യുവാക്കള്‍ സുരക്ഷിതമായ തൊഴില്‍ തേടി വിദേശങ്ങളിലേക്ക് കുടിയേറാന്‍ ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ട്, സത്യസന്ധരും കാര്യശേഷിയുള്ളവരുമായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഈ ക്രമക്കേടുകളെക്കുറിച്ച് എത്രയും വേഗം ഒരു ഉന്നതതല വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
















