താരസംഘടനയായ ‘അമ്മ’യ്ക്കുള്ളില്‍ ഭിന്നതയും ചേരിപ്പോരും രൂക്ഷമാകുന്നതിനിടെ, സംഘടനയിലെ പ്രമുഖ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ശ്വേത മേനോന്‍ രംഗത്തെത്തി. നടന്‍ രമേഷ് പിഷാരടിയുമായി ശ്വേത നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സംഘടനയ്ക്കുള്ളില്‍ നടന്ന ആഭ്യന്തര തര്‍ക്കങ്ങളും തനിക്കെതിരെ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളും അവര്‍ വെളിപ്പെടുത്തിയത്.
ജനറൽബോഡിയിൽ അപമാനിച്ചതിന് തെളിവുകൾ ഉണ്ടെന്ന് ശ്വേതാ മേനോൻ. കണക്കുകൾ അവതരിപ്പിക്കാൻ അനുവദിച്ചില്ല. മീറ്റിംഗ് തുടങ്ങിയപ്പോൾ തന്നെ ബാബുരാജ് ബഹളം ഉണ്ടാക്കി. നിരവധി സ്ത്രീകൾ തന്നെ വിളിച്ച് ഇതിൽ വിഷമം പറഞ്ഞു. സ്ത്രീകൾക്ക് സംസാരിക്കാൻ പറ്റാത്ത ഒരു സ്ഥാപനമായി അമ്മ മാറി. സംഘടനയെ ഓർത്താണ് താൻ ഇത്രയും ദിവസവും മിണ്ടാതെ ഇരുന്നത് നിരപരാധിത്വം തെളിയിക്കാനും കണക്ക് അവതരിപ്പിക്കാനും അവസരം തരണമെന്ന് ശ്വേത ആവശ്യപ്പെട്ടു.
സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ സിദ്ദീഖ്, ബാബുരാജ് എന്നിവരടങ്ങുന്ന സംഘം തന്നെ ഹീനമായ രീതിയില്‍ അവഹേളിച്ചതായി ശ്വേത ആരോപിക്കുന്നു. യോഗത്തില്‍ മറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ പോലും തനിക്ക് അനുവാദം നല്‍കിയില്ല. മീറ്റിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ബാബുരാജ്, സിദ്ദിഖ്, മാലാ പാര്‍വതി, സുരേഷ് കൃഷ്ണ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തനിക്കെതിരെ അസഭ്യവര്‍ഷവും അശ്ലീല പരാമര്‍ശങ്ങളും ഉണ്ടായതായി താരം വ്യക്തമാക്കുന്നു.
എന്നാല്‍, സംഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് നിരപരാധിത്വം തെളിയിക്കുക എന്നത് പ്രായോഗികമല്ലെന്നും, അതിനായി പദവികള്‍ രാജിവെക്കുകയാണ് വേണ്ടതെന്നുമാണ് രമേഷ് പിഷാരടി ശ്വേതയ്ക്ക് നല്‍കുന്ന മറുപടി. ‘അമ്മ’ സംഘടനയ്ക്കുള്ളില്‍ പല കാര്യങ്ങളും ‘ബാര്‍ട്ടര്‍’ (ബാഹ്യമായ കൊടുക്കല്‍ വാങ്ങലുകള്‍) സംവിധാനത്തിലാണ് നടന്നിരുന്നതെന്ന് പിഷാരടി ചൂണ്ടിക്കാണിക്കുന്നു. അസോസിയേഷന്റെ വരവ് ചെലവ് കണക്കുകള്‍ വിശദമായി പരിശോധിക്കുകയാണെങ്കില്‍, ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലാത്ത തരത്തിലുള്ള ഗുരുതരമായ പല ക്രമക്കേടുകളും അതില്‍ കണ്ടെത്താന്‍ സാധിക്കുമെന്നും രമേഷ് പിഷാരടി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Story Highlights : shwetha menon ramesh pisharody phone call leaked
















