World

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവര്‍ക്ക് ഇത് വലിയ വേദനയായി

ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശനിയാഴ്ചയാണ് ഔദ്യോഗികമായി തുടക്കമായത്. ഫെബ്രുവരി 28ന് അമേരിക്ക – ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ പരമോന്നത നേതാവിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഇറാനിയന്‍ ജനത ഒന്നടങ്കം എത്തി. ഇറാന്റെ ദേശീയപതാകയില്‍ പൊതിഞ്ഞാണ് ഖമനേയിയുടെ മൃതദേഹം ടെഹ്‌റാനിലെ ഗ്രാന്റ് മൊസല്ലയില്‍ പൊതുദര്‍ശനത്തിന് വെച്ചത്. അദ്ദേഹത്തോടൊപ്പം തന്നെ കൊല്ലപ്പെട്ട ബന്ധുക്കളുടേയും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അതില്‍ അമേരിക്ക-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 14 മാസം മാത്രം പ്രായമുള്ള, ഖമനേയിയുടെ കൊച്ചുമകള്‍ സഹ്‌റ മുഹമ്മദി ഗൊല്‍പായെഗനിയുടെ ശവപേടകവുമുണ്ടായിരുന്നു. കുഞ്ഞ് പേടകത്തിനരികില്‍ സഹ്‌റയുടെ മനോഹരമായ ചിത്രവും വച്ചിട്ടുണ്ട്. അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവര്‍ക്ക് ഇത് വലിയ വേദനയായി.

പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങുകളിലും വിദേശ പ്രതിനിധികളെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് തുടരുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന്‍,വിദേശകാര്യമന്ത്രി പബിത്ര മാര്‍ഗരിത എന്നിവര്‍ പങ്കെടുത്തു. യുദ്ധത്തിന് താത്ക്കാലികമായെങ്കിലും അറുതി വന്നതിന് ശേഷമാണ് പരമോന്നത നേതാവിന് ഇറാന്‍ വിട നല്‍കാനൊരുങ്ങുന്നത്. ഫെബ്രുവരി 28ന് യുദ്ധത്തിന്റെ തുടക്കത്തില്‍ നടന്ന അമേരിക്ക-ഇസ്രായേല്‍ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായാണ് സംസ്‌കാര ചടങ്ങുകള്‍. ജൂലൈ 9ന് നടക്കുന്ന ഖബറടക്കത്തില്‍ വിദേശ പ്രതിനിധികളടക്കം ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

സംസ്‌കാര ചടങ്ങുകളുടെ ഭാഗമായുള്ള പ്രാര്‍ഥനകളില്‍ ആയിരകണക്കിന് പേരാണ് കറുത്ത വസ്ത്രമണിഞ്ഞ് പങ്കെടുക്കുന്നത്. മൂന്ന് ദിവസത്തേക്ക് ഖമനയിയുടെ മൃതദേഹം ഗ്രാന്‍ഡ് മൊസല്ലയില്‍ പൊതുദര്‍ശനത്തിന് വെക്കും. കുടുംബാഗങ്ങളുടെയും പൊതുദര്‍ശനം നടക്കും. രാജ്യത്തെ ഏറ്റവും വലിയ സംസ്‌കാര ചടങ്ങാനാക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ടെഹ്‌റാനിലെ ചടങ്ങുകള്‍ക്ക് ശേഷം, ഖമനയിയുടെ ശരീരം ഇറാഖിലെ നജഫ്,ഖര്‍ബല എന്നീ പുണ്യനഗരങ്ങളിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഖമനയിയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസയുടെ ആരാധനാലയത്തില്‍ ഖബറടക്കം നടക്കും. അതേസമയം, സുരക്ഷയുടെ ഭാഗമായി ഖമനയിയുടെ മകന്‍ മുജ്തബ ഖമനയി പങ്കെടുക്കില്ല സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ല.

Story Highlights : At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter