കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര ഓഡിറ്റ് നടത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കെഎംഎസ്‌സിഎല്‍ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടത്തും. വയനാട് മെഡിക്കല്‍ കോളജ് ഗോഡൗണില്‍ പെട്ടി പൊട്ടിക്കാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി കോഴിക്കോട്, വയനാട് ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ആശുപത്രികളിലും അദ്ദേഹത്തിന്റെ മിന്നല്‍ സന്ദര്‍ശനമുണ്ടായിരുന്നു. അതില്‍ വയനാട് മെഡിക്കല്‍ കോളജില്‍ കണ്ട കാഴ്ചകളാണ് അദ്ദേഹത്തെ ഇത്തരമൊരു അന്വേഷണത്തിന് പ്രേരിപ്പിച്ചത്. വയനാട് മെഡിക്കല്‍ കോളജ് ഗോഡൗണില്‍ പെട്ടിപൊട്ടിക്കാതെയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടെത്തിയത്. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ആറ് മൊബൈല്‍ മോര്‍ച്ചറി യൂണിറ്റടക്കം ഉപയോഗിക്കാത്ത വിധത്തില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ചേസ് അന്വേഷിക്കാനാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓഡിറ്റ് നടത്താന്‍ ആരോഗ്യവകുപ്പിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്ക് പരിശോധിക്കും.
Story Highlights : Government to probe medical purchases of the last 10 years
















