പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കും. അന്വേഷണം സംഘത്തെ രൂപീകരിച്ചുകൊണ്ട് DGP റവാഡ ചന്ദ്രശേഖർ ഉത്തരവ് ഇറക്കി. പിഎസ്‌സിയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നാണ് അഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ഇന്നലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിന് പിന്നാലെ ആണ് ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എസ്പി സക്കറിയ, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ ആണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.
വിവാദത്തിൽ പട്ടത്തുള്ള പിഎസ്‌സി ആസ്ഥാനത്തേയ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തി. ചെയർമാൻ എം ആർ ബൈജുവിന്റെ ഓഫീസിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു. സുരക്ഷാ ജീവനക്കാരുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. സംഘർഷത്തിൽ രാജേഷ്, അനിൽകുമാർ എന്നീ സെക്യൂരിറ്റി ജീവനക്കാർക്ക് പരുക്കേറ്റു. പ്രതിഷേധം മുൻകൂട്ടി കണ്ട് തടയുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായി. പ്രതിഷേധം നടന്ന അരമണിക്കൂർ കഴിഞ്ഞതിനുശേഷമാണ് മെഡിക്കൽ കോളജ് പൊലീസ് പി എസ് സി ആസ്ഥാനത്തെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും പിന്നാലെ പിൻവാങ്ങി.
Story Highlights : PSC exam irregularities: IG S. Ajitha Begum to lead the special investigation team