കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലെ പ്രതി 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മലപ്പുറം സ്വദേശി വി കെ ജോസഫാണ് പിടിയിലായത്. മൈസൂരുവില്‍ വച്ചാണ് ഇയാളെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. 1990ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തിരുവമ്പാടിയില്‍ നിന്ന് പുറപ്പെട്ട ബസ് യാത്ര അവസാനിപ്പിക്കാനിരിക്കുന്ന സമയത്താണ് കൊള്ള നടന്നത്. ജോസഫ് തോക്കുചൂണ്ടി പരിഭ്രാന്തി പരത്തി കണ്ടക്ടറില്‍ നിന്നും പണം കവരുകയായിരുന്നു. അന്ന് ബസില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പിടിക്കാന്‍ പല ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല.
അന്ന് കോഴിക്കോട് നിന്ന് ജോസഫ് മൈസൂരിലേക്കാണ് പോയത്. അവിടെ ശിവകുമാര്‍ എന്ന പേരില്‍ പെയിന്റിംഗ് ജോലി ചെയ്ത് ജീവിക്കുകയായിരുന്നു ഇയാള്‍. ഇതിനിടെ ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഭാര്യയുമായുണ്ടായ ഒരു തര്‍ക്കമാണ് കേസില്‍ നിര്‍ണായകമായത്. ഭാര്യ പൊലീസിനെ വിളിക്കുകയും നരസിംഹരാജ പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. അവിടുത്തെ പൊലീസ് നടത്തിയ തിരച്ചിലില്‍ തോക്ക് കണ്ടെടുക്കുകയും ഇയാള്‍ കേരളത്തില്‍ നിന്ന് വന്നയാളെന്ന് പൊലീസ് മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് മൈസുരിലെ പൊലീസ് കേരള പൊലീസിനെ ബന്ധപ്പെടുകയും മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രതി പിടിയിലാകുകയുമായിരുന്നു.
Story Highlights : kozhikode bus theft case accused arrested after 36 years
















