പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായി തുടരുമ്പോള്‍ അമേരിക്ക ഇറാനില്‍ മിസൈല്‍ വര്‍ഷം നടത്തി. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വര്‍ദ്ധിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തകരുന്നതിനേക്കാള്‍ പതിന്‍ മടങ്ങ് നിര്‍മ്മാണം ഇറാന്റെ ഭൂമിക്കടിയില്‍ നടക്കുന്നുണ്ട്. അമേരിക്കയും ഇസ്രയേലും ആക്രമിക്കുന്തോറും ഇറാന്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്്. എന്നാല്‍, തന്നെ വധിക്കാന്‍ ഇറാന്‍ നോക്കിയാല്‍, അതിനു മുമ്പ് 1000 മിസൈലുകള്‍ ഇറാനിലേക്ക് ലക്ഷ്യം വെച്ച് ലോക്ക് ചെയ്തു നില്‍ക്കുകയാണെന്ന് ട്രമ്പ് മുന്‍കൂട്ടി പറഞ്ഞിരിക്കുകയാണ്. ഇറാന്‍ ട്രമ്പിനെ ലക്ഷ്യമിട്ടു കഴിഞ്ഞു എന്നതിനു തെളിവാണിത്. അല്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഇങ്ങനെയൊരു പ്രസ്താവന നടത്തില്ല.
ഈ ഭീതി പിന്‍തുടരുന്നതു കൊണ്ടാണ് അമേരിക്കയുടെ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഇറാനില്‍ ആക്രമണം തുടര്‍ന്നു കൊണ്ടേയിരിക്കകുയാണ് അമേരിക്ക. ഹോര്‍മുസ് മേഖലയിലെ ബന്ദര്‍ അബ്ബാസ്, ഖിഷം ദ്വീപ്, ഹാജിയാബാദ് എന്നിവിടങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖിഷം ദ്വീപില്‍ 11 മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ മൂന്ന് അതിര്‍ത്തി കേന്ദ്രങ്ങളും ഒരു ഓഫ്‌ഷോര്‍ എണ്ണ ഡ്രില്ലിങ് പ്ലാറ്റ്‌ഫോമും ആക്രമിക്കപ്പെട്ടതായി കുവൈത്ത് അറിയിച്ചു. കുവൈത്തിലെ അമേരിക്കന്‍ എച്ച്.ഐ.എം.എ.ആര്‍.എസ് (HIMARS) മിസൈല്‍ ലോഞ്ചറുകളെ ലക്ഷ്യമിട്ടതായി ഐ.ആര്‍.ജി.സി പറഞ്ഞു.
അമേരിക്കന്‍ ആക്രമണങ്ങളില്‍ ഇറാന്റെ വൈദ്യുതി ഗ്രിഡിന് കനത്ത നാശം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജോര്‍ദാനിലെ പ്രിന്‍സ് ഹസന്‍ എയര്‍ ബേസിലെ മിസൈല്‍, ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്നും ഇറാന്‍ സേന അറിയിച്ചു. 2,000ത്തിലധികം കേന്ദ്രങ്ങള്‍ തകര്‍ന്നതായും സര്‍ക്കാര്‍ വൈദ്യുതി കമ്പനി വ്യക്തമാക്കി. യുഎസ്-ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു. അമേരിക്കന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഇറാന്റെ ദേശീയ വൈദ്യുത ശൃംഖലയ്ക്ക് വന്‍ നാശനഷ്ടം നേരിട്ടതായും ഏകദേശം 4.2 ജിഗാവാട്ട് (4,200 മെഗാവാട്ട്) ഉത്പാദന ശേഷി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചറിന് സംഭവിച്ച നാശനഷ്ടങ്ങള്‍ 60 ട്രില്യണ്‍ തോമന്‍ (ഏകദേശം 1.5 ബില്യണ്‍ യുഎസ് ഡോളര്‍) കവിഞ്ഞതായി ഇറാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയായ ‘തവാനിറിന്റെ’ മേധാവി അറിയിച്ചു. ദേശീയ ഗ്രിഡിലുടനീളമുള്ള രണ്ടായിരത്തിലധികം കേന്ദ്രങ്ങള്‍ക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് തവാനിര്‍ ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് ഇലാഹ്ദാദ് വ്യക്തമാക്കി. യുഎസ് ആക്രമണത്തില്‍ തിരിച്ചടിച്ച ഇറാന്റെ മിസൈല്‍ അവശിഷ്ടം പതിച്ച് ഖത്തറില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും നിയമാനുസൃതമായി സര്‍വീസ് നടത്തുന്ന എല്ലാ കപ്പലുകള്‍ക്കുമായി പാത തുറന്നുനല്‍കിയിരിക്കുകയാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് അടച്ചതായും മേഖലയിലെ ഇടപെടലുകള്‍ അമേരിക്ക അവസാനിപ്പിക്കുന്നത് വരെ കപ്പലുകളെ കടത്തിവിടില്ലെന്നുമുള്ള ഇറാന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക നിര്‍ദ്ദേശിക്കുന്ന ബദല്‍ പാതകള്‍ ഉപയോഗിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കിയിട്ടുണ്ട്.
















