ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേഖലകളിലെ മികച്ച സൃഷ്ടികളെ ആഗോള പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്ന കേരളത്തിന്റെ അഭിമാന ചലച്ചിത്രവേദിയായ 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (IDSFFK) ഈ വര്‍ഷം ഒക്ടോബര്‍ 2 മുതല്‍ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. തിരുവനന്തപുരം കൈരളി , ശ്രീ, നിള തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. മേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരേയൊരു രാജ്യാന്തര ചലച്ചിത്രമേള എന്ന സവിശേഷത IDSFFK-ക്കുണ്ട്. പുതുമയാര്‍ന്ന ചലച്ചിത്ര ഭാഷകള്‍ക്കും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ക്കും നവതലമുറ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും അന്താരാഷ്ട്ര വേദിയൊരുക്കുന്നതില്‍ ശ്രദ്ധേയമായ പങ്കാണ് IDSFFK വഹിച്ചുവരുന്നത്. IDSFFK യുടെ ഏറ്റവും വലിയ അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നാണ് ഓസ്‌കാര്‍ ക്വാളിഫയിങ് ഫെസ്റ്റിവല്‍ എന്ന പദവി.
ഈ മേളയില്‍ പുരസ്‌കാരം നേടുന്ന ഡോക്യുമെന്ററി ചിത്രങ്ങള്‍ക്ക് അക്കാദമി അവാര്‍ഡുകളുടെ (ഓസ്‌കാര്‍) മത്സരത്തിലേക്ക് നേരിട്ട് പരിഗണിക്കപ്പെടാനുള്ള അര്‍ഹത ലഭിക്കുമെന്നതിനാല്‍ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വേദിയായി IDSFFK മാറിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ മേളയിലേക്ക് 1,741 എന്‍ട്രികള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെയും വിദേശരാജ്യങ്ങളുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈ എന്‍ട്രികളില്‍ നിന്ന് മത്സരവിഭാഗം, മത്സരേതര വിഭാഗം, മലയാളം മത്സരേതര വിഭാഗം എന്നിവയിലേക്കുള്ള മികച്ച ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
സിനിമകളുടെ മൂല്യനിര്‍ണയത്തിനും തിരഞ്ഞെടുപ്പിനുമായി ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ആനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിംസ് വിഭാഗങ്ങളിലാണ് പ്രത്യേക സെലക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചത്. സുതാര്യവും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മികച്ച സൃഷ്ടികളെയാണ് മേളയിലേക്ക് തെരഞ്ഞെടുക്കുക.
















