കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ട വിലയിരുത്തലിൽ മികച്ച നേട്ടമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. പദ്ധതി നടപ്പിലാക്കിയതോടെ കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകൾ നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇ.ടി.എം) അടിസ്ഥാനത്തിലുള്ള ആധികാരിക യാത്രാ വിവരങ്ങളാണ് വിശകലനത്തിനായി ഉപയോഗിച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ ശരാശരി എണ്ണം 6.48 ലക്ഷത്തിൽ നിന്ന് 12.12 ലക്ഷമായി ഉയർന്നു. വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനവാണുണ്ടായത്. ഇതോടെ ഓർഡിനറി സർവീസുകളിലെ ആകെ യാത്രക്കാരിൽ വനിതകളുടെ പങ്കാളിത്തം മൂന്നിൽ രണ്ടായി വർധിച്ചു. അതായത്, 50.9 ശതമാനത്തിൽ നിന്ന് 66.6 ശതമാനമായി ഉയർന്നു. ഓർഡിനറി, സൂപ്പർ ക്ലാസ് സർവീസുകൾ ചേർത്ത് പ്രതിദിന ആകെ യാത്രക്കാരുടെ ശരാശരി എണ്ണം 19.03 ലക്ഷത്തിൽ നിന്ന് 24.53 ലക്ഷമായി വർധിച്ചിട്ടുണ്ട്. മൊത്തം യാത്രക്കാരിൽ 28.9 ശതമാനം വർധനവാണ് ഉണ്ടായത്. ഇത് നിലവിലുള്ള യാത്രക്കാരുടെ കേവലമായ മാറ്റമല്ല, മറിച്ച് പൊതുഗതാഗതത്തിലേക്കുള്ള പുതിയ യാത്രാ ആവശ്യകതയുടെ സൃഷ്ടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണം ഏതാണ്ട് സ്ഥിരമായി തുടരുകയാണ്. വനിതകളുടെ യാത്രാ വർധനവ് മറ്റ് യാത്രക്കാരെ ഒഴിവാക്കിക്കൊണ്ടല്ല സാധ്യമായത്. അധികമായിവന്ന യാത്രക്കാരെ നിലവിലുള്ള ശൃംഖലയിൽത്തന്നെ ഉൾക്കൊള്ളാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രിയദർശിനി പദ്ധതി കേവലം ഒരു സൗജന്യ യാത്രാ പദ്ധതിയല്ലെന്നും അത് കേരളത്തിലെ സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തിന്റെയും സാമ്പത്തിക പങ്കാളിത്തത്തിന്റെയും അടിത്തറയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിദിനം അഞ്ചര ലക്ഷത്തിലധികം അധിക യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ യാത്ര ചെയ്യുന്നു എന്നത് പൊതുഗതാഗതത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണ് -മന്ത്രി പറഞ്ഞു.
അതേസമയം, പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും എന്നാൽ ഇത് സർക്കാർ നേരത്തെ കണക്കുകൂട്ടിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെയാണ് ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്നത് എന്നതിനാൽ പദ്ധതിക്കായുള്ള ഫണ്ട് വിനിയോഗം കൃത്യമായി നടക്കുന്നുണ്ട്. കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ നിലവിൽ പരിമിതികളുണ്ട്. ഇതിന് പരിഹാരമായി എംഎൽഎമാരുടെ ഫണ്ടിൽ നിന്ന് ഓരോ ബസ് വാങ്ങണമെന്ന നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഓർഡിനറി സർവീസുകളിൽ മാത്രമുള്ള പ്രിയദർശിനി പദ്ധതി എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകളിലേക്കും വ്യാപിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിന് കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പുതിയ റോഡ് സുരക്ഷാ യജ്ഞം ആരംഭിക്കുന്ന കാര്യവും ഗതാഗത മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി നിലവിലെ ഒന്നര മീറ്ററിൽ നിന്ന് ആറ് മീറ്ററായി വർധിപ്പിക്കും. കൂടാതെ, തിരുവനന്തപുരം വേളിയിൽ നിന്ന് കഠിനംകുളം വരെ പ്രതിദിന പാസഞ്ചർ ബോട്ട് സർവീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
- 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ; യാത്രക്കാർക്ക് സേവനങ്ങൾക്കായി 149-ൽ വിളിക്കാം
യാത്രക്കാരുടെ യാത്രാ സംബന്ധമായ വിവരങ്ങൾ നൽകുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി പുതിയ കോൾ സെന്റർ സംവിധാനത്തിന് തുടക്കം കുറിച്ചു. പൂർണമായും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററാണ് യാത്രക്കാരുടെ സൗകര്യാർഥം ഒരുക്കിയിരിക്കുന്നത്.
പൊതുജനങ്ങൾക്ക് കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ഇനിമുതൽ അതിവേഗം ലഭ്യമാകും. ഇതിനായി 149 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്. രാപ്പകൽ വ്യത്യാസമില്ലാതെ എല്ലാ സമയത്തും ഈ നമ്പറിലൂടെ കോൾ സെന്ററിന്റെ സേവനം ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. കെ.എസ്.ആർ.ടി.സിയുടെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു
‘* പി.എം റാഹത്’ പദ്ധതി ട്രയൽ റൺ തുടങ്ങി
വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്ന ‘പി.എം റാഹത്’ പദ്ധതിയുടെ ട്രയൽ റൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചതായി ഗതാഗത മന്ത്രി സി.പി ജോൺ. ഒന്നര ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവുകൾ സൗജന്യമായി നൽകുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു രോഗിക്ക് പൈസ കിട്ടി. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ കൂടുതൽ ആശുപത്രികളിൽ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വലിയ അപകടങ്ങളിൽ ഗുരുതര പരിക്കേൽക്കുന്നവർ 24 മണിക്കൂറിനുള്ളിലും ചെറിയ അപകടങ്ങളിൽപ്പെട്ട് അത്രഗുരുതരമല്ലാത്ത പരിക്കുള്ളവർ 48 മണിക്കൂറിനുള്ളിലും ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണം. ഏഴു ദിവസത്തെ ചികിൽസയ്ക്കാണ് പണം അനുവദിക്കുക. രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനും മറ്റുമായി പ്രത്യേക സംവിധാനങ്ങൾ ആശുപത്രിയിൽ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
- നിയമലംഘകർക്കെതിരെ കർശന നടപടി
വാഹനങ്ങളിലെ നിയമവിരുദ്ധമായ രൂപമാറ്റങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ബസുകളിൽ പുറത്ത് കേൾക്കുന്ന രീതിയിൽ ശബ്ദ സംവിധാനങ്ങൾ ഘടിപ്പിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരം സംവിധാനങ്ങൾ അടിയന്തരമായി അഴിച്ചുമാറ്റിയില്ലെങ്കിൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
















