ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കണ്ടെത്തലുകളും നൂതനാശയങ്ങളും ലബോറട്ടറിയുടെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള സാധാരണക്കാരനിലേക്ക് എത്തിച്ചേരണമെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ തിരുവനന്തപുരത്തുള്ള ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച ‘T-RIC X’ ഇംപാക്ട് റിസര്‍ച്ച് കോണ്‍ക്ലേവും എഎന്‍ആര്‍എഫ് ഗ്രാന്റി മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രവും റോബോട്ടിക്‌സും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ വികസിക്കുമ്പോഴും മനുഷ്യസ്പര്‍ശവും കാരുണ്യവും കാത്തുസൂക്ഷിക്കാന്‍ ഗവേഷകര്‍ക്കും വിദഗ്ദ്ധര്‍ക്കും സാധിക്കണം. ഒരു നല്ല ശാസ്ത്രജ്ഞനോ, ഡോക്ടറോ, ഉദ്യോഗസ്ഥനോ ആകുന്നതിന് മുന്‍പ് മികച്ചൊരു മനുഷ്യനാകാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച പ്രമുഖ വിദ്യാഭ്യാസ-ഗവേഷണ ഹബ്ബുകളില്‍ ഒന്നായി തിരുവനന്തപുരം മാറിയ പശ്ചാത്തലത്തില്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഈ കൂട്ടായ്മ ഏറെ പ്രശംസനീയമാണ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സമസ്ത മേഖലകളിലും ഡിജിറ്റല്‍ സംവിധാനങ്ങളും സാങ്കേതികവിദ്യയും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഇത്തരം വേദികള്‍ ചര്‍ച്ച ചെയ്യണം.
വയലില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകന്റെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമ്പോഴാണ് ഗവേഷണങ്ങള്‍ സഫലമാകുന്നത്. 2047-ഓടെ രാജ്യം കൈവരിക്കാന്‍ ലക്ഷ്യമിടുന്ന ‘വികസിത ഭാരതം’ എന്ന സ്വപ്നം രാജ്യത്തെ ഒരോ സാധാരണക്കാരന്റെയുമാണ്. ആ ലക്ഷ്യത്തിലേക്കുള്ള പാത കടന്നുപോകുന്നത് ‘വികസിത കേരള’ത്തിലൂടെയാണ്. കേരളത്തിന് എക്കാലത്തും ഇത്തരം വികസന മുന്നേറ്റങ്ങളില്‍ മുന്‍കൈ എടുത്ത പാരമ്പര്യമുണ്ട്. വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ പരസ്പരം പങ്കുവെച്ചുകൊണ്ട് വികസിത ഭാരത നിര്‍മ്മിതിക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത വിദഗ്ദ്ധരോട് ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.
ശ്രീചിത്ര അക്കാദമിക് അഫയേഴ്സ് ഡീന്‍ ഡോ. ശ്രീനിവാസന്‍. കെ ചടങ്ങില്‍ SCTIMST-ലെ IB അംഗവും എം.പി.യുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. കെ.എസ്.എച്ച്.ഇ.സി വൈസ് ചെയര്‍മാന്‍ ഡോ.അച്യുത്ശങ്കര്‍ എസ്. നായര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. കോണ്‍ക്ലേവ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ആര്‍. എസ്. ജയശ്രീ, ബിഎംടി വിംഗ് തലവന്‍ ഡോ. ഹരികൃഷ്ണ വര്‍മ്മ പി.ആര്‍ എന്നിവരുള്‍പ്പെടെ ശാസ്ത്ര-സാങ്കേതിക-വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ANRF), അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി (ACS), തിരുവനന്തപുരം റിസര്‍ച്ച് ആന്‍ഡ് ഇന്നോവേഷന്‍ ക്ലസ്റ്റര്‍ (T-RIC) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദ്വിദിന പരിപാടി സംഘടിപ്പിക്കുന്നത്.