കേരളത്തിൽ കപ്പൽ നിർമ്മാണ സംരംഭം ആരംഭിക്കാൻ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം വിവാദമായതിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ടാറ്റാ ഗ്രൂപ്പ് മാത്രം 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും, വരും വർഷങ്ങളിൽ സമുദ്ര വ്യവസായ മേഖലയിലൂടെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് ആ തുകയിലൂടെ സൂചിപ്പിച്ചതെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ദക്ഷിണേന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഇത്തരമൊരു കപ്പൽ നിർമ്മാണ പദ്ധതി ടാറ്റയുടെ ആലോചനയിലില്ലെന്ന് ടാറ്റാ ഗ്രൂപ്പ് വക്താവ് വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയത് . ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും വലിയ തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചു എന്ന് ഇതിനർത്ഥമില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമ്മാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത മിഷൻ സമുദ്ര’യുടെ കാഴ്ചപ്പാടാണ് മുഖ്യമന്ത്രി മുൻപ് നടത്തിയ അഭിമുഖത്തിൽ പങ്കുവെച്ചതെന്നാണ് വിശദീകരണം. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്‌സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്.
















