അത്യാധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി എസ്.കെ. ഹോസ്പിറ്റലിൽ ആരംഭിച്ച സെന്റർ ഫോർ റോബോട്ടിക് സർജറി ബഹുമാനപ്പെട്ട ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയർമാൻ ശ്രീ കെ.എൻ. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഇതോടനുബന്ധിച്ച് വേൾഡ് പ്ലാസ്റ്റിക് സർജറി ഡേ ആചരണത്തിനും സൗജന്യ ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പിനും മന്ത്രി തുടക്കം കുറിച്ചു.
സ്വാഗത പ്രസംഗത്തിൽ ആശുപത്രി ചെയർമാൻ ശ്രീ കെ.എൻ. ശിവൻകുട്ടി, ആധുനിക ചികിത്സാരംഗത്ത് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കടന്നുകയറ്റം ഉണ്ടാകുമ്പോൾ നിലവിലുള്ള ആശുപത്രി സംവിധാനങ്ങളിൽ ഗണ്യമായ പുരോഗതിയും, അതിനനുസരിച്ചുള്ള ചികിത്സാ ചെലവ് വർദ്ധിക്കുമെന്നും ഓർമ്മിപ്പിച്ചു. പരിഹാരമായി ഇൻഷുറൻസ് മേഖല വിപുലീകരിക്കണം എന്നും മെഡിസെപ്പ് വഴി എല്ലാ ജീവനക്കാർക്കും പ്രയോജനമാകത്തക്ക രീതിയിൽ പ്രീമിയം കൂട്ടണമെന്നും അഭിപ്രായപ്പെട്ടു
ചടങ്ങിൽ ആശുപത്രി സിഇഒ ഡോ. സന്ധ്യ കെ. എസ്., മെമ്പർ ഓഫ് മാനേജ്മെന്റ് കേണൽ സി. എസ്. പിള്ള എന്നിവർ സന്നിഹിതരായിരുന്നു.
ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ബൈജു സേനാധിപൻ ആധുനിക ശസ്ത്രക്രിയാരംഗത്ത് റോബോട്ടിക് സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ച് പ്രഭാഷണം നടത്തി. പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ. എൻ. സി. ശ്രീകുമാർ, വേൾഡ് പ്ലാസ്റ്റിക് സർജറി ഡേയുടെ പ്രാധാന്യവും പ്ലാസ്റ്റിക് സർജറിയെക്കുറിച്ചുള്ള പൊതുധാരണകളും വിശദീകരിച്ചു.
ഓങ്കോളജിസ്റ്റ് ഡോ. കൃഷ്ണനുണ്ണി, കാൻസർ നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യവും ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പിലൂടെ ലഭ്യമാകുന്ന സേവനങ്ങളും സംബന്ധിച്ച് സംസാരിച്ചു. ചടങ്ങിന് ഗൈനക്കോളജിസ്റ്റ് ഡോ. ഗാഥ ആർ. നന്ദി രേഖപ്പെടുത്തി.
















