തലസ്ഥാനത്ത് ഞെട്ടിക്കുന്ന ഹണിട്രാപ്പ്. തെലങ്കാന സ്വദേശി വ്യവസായിയാണ് തട്ടിപ്പിന് ഇരയായത്. ഏകദേശം അഞ്ചു കോടിയോളം രൂപയും ആഡംബര സ്വത്തുക്കളും ഈ 39 കാരന്‍ വ്യവസായിയില്‍ നിന്നും തട്ടിയെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്യാറ്റിന്‍കര സ്വദേശിയായ റോഷ്നി സുരേഷ് എന്ന യുവതിയാണ് ഈ കേസില്‍ മുഖ്യ ആരോപണ വിധേയ. ഇവരെ കൂടാതെ ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍, അഭിഷേക് എന്നിവര്‍ക്കും ഈ സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. പരാതിക്കാരനായ വ്യവസായിയുമായി റോഷ്നി മുന്‍പ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു.
പിന്നീട്, 2023 ജൂണ്‍ 22ന് യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും, കുഞ്ഞിന്റെ പിതാവ് ഈ വ്യവസായി ആണെന്ന് അവകാശപ്പെടുകയും ചെയ്തതോടെയാണ് ഭീഷണിയുടെ തുടക്കം. ഈ വിവരം വ്യവസായിയുടെ ഭാര്യയെയും മറ്റ് ബന്ധുക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ പണം തട്ടിയെടുത്തിരുന്നത്. മാനഹാനി ഭയന്നാണ് വ്യവസായി ഇവര്‍ ആവശ്യപ്പെട്ട പണവും സ്വത്തുക്കളും നല്‍കാന്‍ നിര്‍ബന്ധിതനായത്. വഞ്ചിയൂര്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ ഭീഷണിയെ തുടര്‍ന്ന് പല തവണകളായി ഒരു കോടി എണ്‍പത് ലക്ഷം രൂപ വ്യവസായിയില്‍ നിന്നും തട്ടിയെടുത്തതായി പറയപ്പെടുന്നു.
വ്യവസായിയുടെ കമ്പനിയുടെ വാര്‍ഷിക ലാഭത്തിന്റെ അമ്പത് ശതമാനത്തോളം തുക ഇവര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണത്തിന് പുറമെ, കൊച്ചി തൃപ്പൂണിത്തുറയില്‍ ഒരു കോടി ഇരുപത് ലക്ഷം രൂപ വിലമതിക്കുന്ന ഒരു ആഡംബര ഫ്‌ളാറ്റ് റോഷ്നിയുടെ പേരില്‍ വ്യവസായിക്ക് വാങ്ങി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കൂടാതെ, 2024 ജൂണ്‍ മാസത്തില്‍ തിരുവനന്തപുരം മലയിന്‍കീഴ് വില്ലേജില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപ വിലവരുന്ന 20 സെന്റ് സ്ഥലവും ഇവര്‍ വ്യവസായിയെക്കൊണ്ട് എഴുതി വാങ്ങിച്ചു. ഇതിനെല്ലാം പുറമെ, തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രമുഖ ജ്വല്ലറികളില്‍ കൊണ്ടുപോയി ഏകദേശം 45 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും യുവതി കൈക്കലാക്കിയതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
നിരന്തരമുള്ള ബ്ലാക്ക്‌മെയിലിങും സാമ്പത്തിക ചൂഷണവും സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് വ്യവസായി വഞ്ചിയൂര്‍ പോലീസിനെ സമീപിക്കാന്‍ തയ്യാറായത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് മുഖ്യപ്രതിയായ റോഷ്നി സുരേഷിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് നടപടിക്രമങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയും ചെയ്തു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളായ ജിബിന്‍, ഉണ്ണിമോള്‍, അഭിഷേക് എന്നിവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് വലവിരിച്ചിരിക്കുകയാണ് പോലീസ്. അഞ്ചു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന കേസായതിനാല്‍ വളരെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്.
തട്ടിയെടുക്കപ്പെട്ട സ്വത്തുക്കളുടെ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. സമീപകാലത്തായി ഇത്തരം ഹണിട്രാപ്പ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഈ തട്ടിപ്പ് സംഘത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
















