Kerala

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രതിസന്ധി: പ്രഥമാധ്യാപകരില്ലാതെ 248 സ്‌കൂളുകള്‍

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മെല്ലെപ്പോക്കില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍. സ്‌കൂളുകള്‍ തുറന്നിട്ടു രണ്ട് മാസമായെങ്കിലും പ്രഥമാധ്യാപകരെ നിയമിക്കാത്തതിനാല്‍ 248 സ്‌കൂളുകള്‍ നാഥനില്ലാക്കളരിയായി. ഇവിടങ്ങളിലെ അക്കാദമിക്, ഭരണ കാര്യങ്ങള്‍ മുടങ്ങിയ അവസ്ഥയിലാണ്. ഓണപ്പരീക്ഷാ മുന്നൊരുക്കങ്ങളെയും ബാധിച്ചിട്ടുണ്ട്. സെന്‍സസ് ഡ്യൂട്ടിക്കായി അധ്യാപകരും പോയതോടെ പല സ്‌കൂളുകളിലും പഠനം പോലും നടക്കുന്നില്ല. പല ഡിവിഷനുകള്‍ ഒന്നിച്ചിരുത്തി ക്ലാസെടുത്താണ് അധ്യാപര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നത്. സ്ഥാനക്കയറ്റ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിക്കുന്നതാണ് ഭരണസ്തംഭനത്തിന് പ്രധാന കാരണം.

ഹെഡ്മാസ്റ്റര്‍ നിയമനം അടക്കം പല കാര്യങ്ങളിലും വിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. പ്രമോഷന്‍ നടപടികള്‍ മരവിച്ചതോടെ സ്‌കൂളുകളിലേക്കുള്ള പുതിയ നിയമനങ്ങളും അവതാളത്തിലായി. സീനിയറായ ഒരു അധ്യാപകന് ഹെഡ്മാസ്റ്ററായി പ്രമോഷന്‍ ലഭിക്കുമ്പോഴാണ് താഴെത്തട്ടിലുള്ള പുതിയ നിയമനങ്ങള്‍ക്കും വഴിയൊരുങ്ങുന്നത്. ഹെഡ്മാസ്റ്റര്‍ തസ്തികയ്ക്ക് തുല്യമായ പദവിയാണ് അസിസ്റ്റന്റ് എജ്യുക്കേഷണല്‍ ഓഫീസര്‍ (എ.ഇ.ഒ.) തസ്തികയുടേത്. നിലവില്‍ എഇഒ തസ്തികകളിലെ നിയമനങ്ങളും പൂര്‍ണമായി തടസപ്പെട്ടുകിടക്കുകയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹെഡ്മാസ്റ്റര്‍ ഒഴിവുകളുള്ളത് എറണാകുളം ജില്ലയിലാണ്. ഇവിടെ 38 സ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ല. ഇടുക്കിയില്‍ 37 വിദ്യാലയങ്ങളിലും കാസര്‍ഗോഡ് 29 വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റര്‍മാരില്ല. കോട്ടയത്ത് 25, കണ്ണൂരിലും തൃശ്ശൂരിലും 19 വീതം, മലപ്പുറത്തും ആലപ്പുഴയിലും 17 വീതം, പാലക്കാട് 15, വയനാട്ടിലും പത്തനംതിട്ടയിലും 11 വീതം, കൊല്ലത്ത് 7, തിരുവനന്തപുരത്ത് 3 എന്നിങ്ങനെയാണ് നിലവില്‍ ഹെഡ്മാസ്റ്റര്‍മാരില്ലാത്ത സ്‌കൂളുകുടെ കണക്ക്.