കേരള അക്വാറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച 52-ാമത് ജൂനിയർ, 42-ാമത് സബ് ജൂനിയർ സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം പിരപ്പൻകോട് ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ അക്വാറ്റിക് കോംപ്ലക്സിൽ സമാപനം .ജൂനിയർ വിഭാഗത്തിൽ 792 പോയിന്റോടെ തിരുവനന്തപുരം ജില്ല ഓവറോൾ കിരീടം സ്വന്തമാക്കി.. 633 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തെത്തി. സബ് ജൂനിയറിൽ 468 പോയിന്റ് നേടി എറണാകുളം ജില്ല ചാമ്പ്യന്മാരായി .384 പോയിന്റുള്ള തിരുവനന്തപുരത്തെ പിന്തള്ളിയാണ് എറണാകുളം ഒന്നാമതെത്തിയത്.
സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് IAS. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കേരള അക്വാറ്റിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി എസ് മുരളീധരൻ, മറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. 2036 ഒളിമ്പിക്സിൽ പങ്കെടുക്കേണ്ടവർ ഇപ്പോൾ സ്കൂളിൽ പഠിക്കുന്ന കുട്ടികളാണെന്നും അതിനാൽ സബ് ജൂനിയർ,ജൂനിയർ മത്സരങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടെന്നും എൻ. പ്രശാന്ത് IAS പറഞ്ഞു. വിജയിച്ചു മുന്നോട്ട് പോകുന്നവർ ദേശീയ തലത്തിലും തുടർന്നും വെന്നിക്കൊടി പാറിക്കണമെന്നും അദ്ദേഹം ആശംസിച്ചു.
ജൂലൈ 16 മുതൽ 19 വരെ നടന്ന ചാമ്പ്യൻഷിപ്പിൽ ആകെ 19 പുതിയ സംസ്ഥാന റെക്കോർഡുകൾ പിറന്നു. ജൂനിയർ, സബ് ജൂനിയർ ആൺ, പെൺ വിഭാഗങ്ങളിലായാണ് താരങ്ങൾ പുതിയ റെക്കോർഡുകൾ കുറിച്ചത്. ആൺകുട്ടികളുടെ വാട്ടർപോളോയിൽ തിരുവനന്തപുരം കിരീടം സ്വന്തമാക്കി . പാലക്കാട് രണ്ടും തൃശൂർ മൂന്നും സ്ഥാനത്തെത്തി. പെൺകുട്ടികളിലും തിരുവനന്തപുരം തന്നെയാണ് ചാമ്പ്യന്മാർ. പാലക്കാട് രണ്ടും എറണാകുളം മൂന്നും സ്ഥാനം നേടി. ഓഗസ്റ്റിൽ രാജസ്ഥാനിലും ഒഡീസയിലുമായി നടക്കുന്ന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും.
















