ആലപ്പുഴ തൃക്കുന്നപ്പുഴയിൽ വിവാഹം കഴിഞ്ഞ് മുപ്പത്തിയൊൻപതാം നാൾ നവവധു ജീവനൊടുക്കിയ സംഭവത്തിൽ കേരള വനിതാ കമ്മീഷൻ കേസെടുത്തു. ഇത് സംബന്ധിച്ച് അടിയന്തിരമായി റിപ്പോർട്ട് നല്കാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. അധ്യക്ഷ അഡ്വ. പി സതീദേവി ആലപ്പുഴയിലെ യുവതിയുടെ വീട്ടിൽ സന്ദർശനം നടത്തി. സ്ത്രീധനപീഡനത്തെ തുടർന്നാണ് യുവതി മരണപ്പെട്ടതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. സ്ത്രീധന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ വൈകുന്നു. രണ്ടാഴ്ച ഗർഭിണിയായിരുന്ന പത്തൊൻപത് വയസുമാത്രമുള്ള യുവതിയുടെ മരണം ദാരുണമായ സംഭവമാണെന്നും പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു. യുവതിയുടെ കുടുംബത്തിന് നിയമപരമായ എല്ലാ സംരക്ഷണവും കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ട്.
















