തൃശൂര്‍ ബി.ജെ.പി ഓഫീസില്‍ കള്ളപ്പണം സൂക്ഷിച്ചിരുന്നുവെന്ന് മുന്‍ പാര്‍ട്ടിഓഫീസ് സെക്രട്ടറി പി. അക്ഷയുടെ വെളിപ്പെടുത്തല്‍. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ സെക്രട്ടറിയുടെ മുറിയില്‍ നിന്ന് 25 കോടിയുടെ കള്ളപ്പണം വന്നുവെന്നാണ് ഗുരുതരമായ വെളിപ്പെടുത്തല്‍. 17 ചാക്കുകളിലും ബാഗുകളിലുമായാണ് പണം സൂക്ഷിച്ചത്. ഈ പണം പിന്നീട് സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കിയ ശേഷം ഓഫീസില്‍ നിന്നും മാറ്റി. ഇതില്‍ ദൃക്‌സാക്ഷിയായതിന്റെ പേരിലാണ് തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയത്.
പാര്‍ട്ടി നേതാക്കള്‍ കള്ളപ്പണം കടത്തി എന്ന പരാതി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും അക്ഷയ് ആരോപിക്കുന്നു. തൃശൂരില്‍ സംഘടനാ സെക്രട്ടറി കെ.പി സുരേഷ്, മുരളി കൊളങ്ങാട്, അദ്ദേഹത്തിന്റെ ഡ്രൈവര്‍ രാജേഷ് എന്നിവരാണ് ഈ ഇലക്ഷന്‍ പൈസ കൈകാര്യം ചെയ്തത്. ഓഫീസ് സെക്രട്ടറി എന്ന നിലയില്‍ തനിക്ക് ഇതില്‍ പങ്കില്ല. ഗാന്ധിനഗറിലുള്ള ഒരു വീട്ടില്‍ കേന്ദ്രീകരിച്ച പണം ഉണ്ടായിരുന്നു. അവിടെനിന്ന് ഒരു കോടി എടുത്തു തമിഴ്‌നാട്ടിലേക്ക് കൊടുത്തയച്ചത് ഞാനും മുരളി കുളങ്ങാട്ടും കൂടിയാണ്. പിന്നീട് അവിടെ നിന്ന് ബാക്കിയുള്ള 17 ചാക്ക് പണം നമ്മുടെ ഓഫീസിലേക്ക് വരികയും, ഇലക്ഷന്‍ റിസള്‍ട്ടിന്റെ തലേദിവസം രാവിലെയോടുകൂടി ആ പണം പുറത്തേക്ക് പോവുകയുമാണ് ഉണ്ടായത്.
പണം കൊണ്ടുവന്ന വണ്ടിയുടെ നമ്പര്‍ എന്റെ കൈയിലുണ്ട്. 17 ചാക്കും ഒരു പച്ച കളര്‍ ബാഗുമായിട്ടാണ് പണം വന്നത്. ഈ പണം എവിടെനിന്ന് വന്നു, ആര് കൊണ്ടുവന്നു എന്നുള്ള കാര്യങ്ങള്‍ എനിക്കറിയില്ല. സംഘടനാ സെക്രട്ടറിയുടെയും മുരളി കൊളങ്ങാട്ടിന്റെയും അഡ്വക്കേറ്റ് അനീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള ഒരു ടീമിന്റെ തിരിമറിയാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.
















