ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചോദ്യപേപ്പർ ചോർച്ച കേസുകൾക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നുമാണ് എക്സിൽ പ്രധാനമന്ത്രിയുടെ പ്രതികരണം. പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനപ്പെട്ട മറ്റൊന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദേശം നൽകി കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടരുന്നു.
യുവാക്കളുടെ ഭാവിയെ അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് കേന്ദ്രത്തിന് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.അതേസമയം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും. കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന്, പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ് പങ്കുവച്ച് സിജെപി ആവശ്യപ്പെട്ടു. ചർച്ചകൾക്കായി കേന്ദ്രമന്ത്രിമാരുടെ വസതികളിലേക്ക് പോകില്ലെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി.
Story Highlights : PM Narendra Modi has broken his silence over NEET question paper leak
















