തനിക്കെതിരായ വിമർശനങ്ങളിൽ വികാരാധീരനായി സമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്.നിരാഹാര സമരം അവസാനിപ്പിച്ചത് ഡീൽ ആണെന്ന ആരോപണം വേദനിപ്പിച്ചുവെന്ന് സോനം വാങ് ചുക് പറഞ്ഞു. തന്റെ ആത്മാർത്ഥത ചോദ്യം ചെയ്യുന്നത് വേദനിപ്പിച്ചു. ഡീൽ ഉണ്ടായിരുന്നെങ്കിൽ ഇത്ര ദിവസം നിരാഹാരം കിടക്കുമായിരുന്നോ ? ആരോഗ്യംപോലും മോശമായിട്ടും ഡൽഹിയിലെ ചൂടത്ത് റോഡിൽ സമരം ഇരിക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. വിഷമവും നിരാശയും അത്ഭുതവും കലർന്ന വികാരങ്ങളോടെയാണ് താൻ ഈ സന്ദേശം പങ്കുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിരാഹാരത്തിലൂടെ തനിക്കുണ്ടായ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വാങ്ചുക് വീഡിയോയിൽ തുറന്നുപറഞ്ഞു. നീണ്ട ഉപവാസം കാരണം പേശികൾ ക്ഷയിക്കുകയും ആന്തരാവയവങ്ങൾക്കും മസ്തിഷ്കത്തിനും തകരാറുകൾ സംഭവിക്കുന്നതിന്റെ വക്കിലെത്തുകയും ചെയ്തു. 11 കിലോയോളം ശരീരഭാരം കുറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡ , ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്.
അതേസമയം, പാറ്റ പരാർമശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രംഗത്തെത്തി. കോക്റോച്ച് പരാമർശം വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് അഭിഭാഷകരായവർക്ക് എതിരെ ആയിരുന്നുവെന്നും രാജ്യത്തെ മൊത്തം യുവാക്കളെ ഉദ്ദേശിച്ചല്ല പ്രസ്താവന നടത്തിയതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യാജ ബിരുദങ്ങളെ പറ്റിയുള്ള വിഷയത്തിലായിരുന്നു തന്റെ പരാമർശം. രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നു.യുവാക്കളുടെ പരാതികൾ പരിഹരിക്കാൻ സുപ്രീംകോടതിയുടെ വാതിലുകൾ തുറന്നു കിടക്കുകയാണെന്നും സൂര്യകാന്ത് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, യുവതലമുറ ചോദ്യങ്ങൾ ചോദിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പരാമർശവും ചർച്ചയാവുകയാണ്.
അതിനിടെ വീണ്ടും ആരോപണവുമായി സിജെപി രംഗത്തെത്തി. പ്രതിഷേധത്തിൽ അക്രമം അഴിച്ചുവിടാൻ അധികാരികൾ വാടക സംഘങ്ങളെ ഉപയോഗിച്ചേക്കാം എന്ന് സിജെപി പറഞ്ഞു. ഇത് സംഘർഷങ്ങൾക്കും തിക്കിലും തിരക്കിലും പെടുന്ന അപകടങ്ങൾക്കും കാരണമാകും. ഇത് പ്രതിഷേധത്തിനെതിരെ നടപടി എടുക്കുന്നതിന് കാരണമായി ഉപയോഗിക്കും. ഒരു വശത്ത് സർക്കാർ ചർച്ച നടത്തുന്നു. മറുവശത്ത് പൊലീസ് വിന്യാസം വർധിപ്പിക്കുന്നു, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിനുകൾ നടക്കുന്നതായും സിജെപി വക്താവ് സൗരവ് ദാസ് കൂട്ടിച്ചേർത്തു.
Story Highlights : Sonam wangchuk emotional reply to deal allegations do i need to prove sincerity after 26 days of hunger
















