നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ നടക്കുന്ന സമരത്തില്‍ കൂടുതല്‍ ദേശീയ സംസ്ഥാന നേതാക്കള്‍ പിന്തുണയുമായി എത്തുകയാണ്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയും ജന്തര്‍ മന്തറില്‍ എത്തുമെന്ന് സൂചനയുണ്ട്. കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിഷേധത്തില്‍ മമതയും പങ്കെടുക്കുമെന്നാണ് വിവരം. ഇന്നലെ വിദ്യാര്‍ഥികളെ പിന്തുണച്ച് മമത സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. താന്‍ വിദ്യാര്‍ഥികളുടെ പക്ഷത്താണെന്നും അവരുടെ പോരാട്ടം നീതിക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും അടുത്ത തലമുറയുടെ ഭാവി സുരക്ഷിതമാക്കാന്‍ കൂടിയാണെന്നും മമത ചൂണ്ടിക്കാട്ടിയിരുന്നു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് നടത്തിയ ലാത്തി ചാര്‍ജ് അംഗീകരിക്കാന്‍ കഴിയില്ല. ജന്തര്‍ മന്തറിലും സമീപ പ്രദേശങ്ങളിലുമായി ഇന്റര്‍നെറ്റ് വിലക്കി. യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? വിദ്യാര്‍ഥികള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം കേന്ദ്ര മന്ത്രിയെ എന്തിനാണ് സംരക്ഷിക്കാന്‍ നോക്കുന്നതെന്നും മമത ചോദിച്ചിരുന്നു. ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗത്തിന് തലകുനിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് അവര്‍ അഭിവാദ്യങ്ങള്‍ അറിയിക്കുകയും ചെയ്തു. വേണ്ടി വന്നാല്‍ ഡല്‍ഹിയിലെ സമരത്തില്‍ പങ്കുവെച്ചേരുമെന്നും മമത കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മമത ജന്തര്‍ മന്തറില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
2026 ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തുടര്‍ച്ചയായ തിരിച്ചടികളിലൂടെയാണ് മമത നിലവില്‍ കടന്നുപോകുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍ന്നതും എംപിമാര്‍ ഉള്‍പ്പെടെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതും മമതയ്ക്ക് തിരിച്ചടിയായി. സംസ്ഥാനത്തുടനീളമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നടത്തിവരുന്ന അക്രമപരമ്പരകള്‍ക്ക് എതിരെ മമത സജീവമായി രംഗത്തിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഡല്‍ഹിയിലെ സമരം ശക്തമായത്. നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, സമാജ്വാദി പാര്‍ട്ടി എന്നിവരും എസ്.എഫ്.ഐ, ഐ.സ അടക്കമുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പ്രതിഷേധ രംഗത്തുണ്ട്.
















