നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ ചെന്നൈയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭ വേദിയില്‍ നടി സനം ഷെട്ടിക്കെതിരെ വന്‍ പ്രതിഷേധം. സിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കവേയാണ് നടിയുടെ പ്രസംഗം തടസപ്പെട്ടത്. ജനനായകന്‍ സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് പ്രതിഷേധത്തിനു കാരണമായത്. വിജയിയുടെ ആരാധിക ആണെന്നും ജനനായകന്‍ കണ്ടതിന് ശേഷമാണു പ്രതിഷേധത്തിനു എത്തിയതെന്നും സനം പ്രസംഗത്തിനിടെ സംസാരിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണ അറിയിക്കാനാണ് താന്‍ എത്തിയതെന്ന് വ്യക്തമാക്കിയ സനം ഷെട്ടി, നീറ്റ് വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവരാണ് യഥാര്‍ഥ കോമാളികള്‍ എന്ന് വിമര്‍ശിച്ചു. വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്യുമ്പോള്‍ എല്ലാവരും ‘ജന നായകന്‍’ സിനിമ കണ്ട് ആസ്വദിച്ച് നടക്കുകയാണെന്ന തരത്തില്‍ വേദിയില്‍ നേരത്തെ ഉയര്‍ന്ന പരാമര്‍ശത്തിനും അവര്‍ മറുപടി നല്‍കി. താന്‍ നടന്‍ വിജയ്യുടെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ജന നായകന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട ശേഷമാണ് പ്രതിഷേധ വേദിയിലെത്തിയതെന്നും നടി തുറന്നടിച്ചു. ഇതോടെയാണ് സദസ്സിലുണ്ടായിരുന്നവരും വേദിയിലുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
നടിയുടെ പരാമര്‍ശം പ്രതിഷേധ പരിപാടിയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് ആരോപിച്ച് ചില വിദ്യാര്‍ഥികള്‍ ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തി. പ്രതിഷേധം കനത്തതോടെ വേദിയില്‍ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. എന്നാല്‍ സംസാരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും സനം ഷെട്ടി തിരിച്ചടിച്ചു. വിദ്യാര്‍ഥികള്‍ സ്വതന്ത്രമായി സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്തുണ നല്‍കാനാണ് താന്‍ എത്തിയതെന്നും, അല്ലാതെ രാഷ്ട്രീയ വേദി ആക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. ആരും വിളിച്ചിട്ടല്ല താന്‍ വന്നതെന്നും സ്വന്തം നിലപാടുകളാണ് വ്യക്തമാക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ സംഭവം കൂടുതല്‍ വഷളായതോടെ വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ വേദിയിലെത്തി പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരാള്‍ സനം ഷെട്ടിയുടെ കൈയില്‍ നിന്ന് ബലമായി മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. ഇതോടെ അവര്‍ വേദി വിടുകയായിരുന്നു. തന്നെ വേദിയില്‍ നിന്ന് ഇറക്കിവിട്ടവര്‍ ഡി.എം.കെയുടെ അടിമകളാണെന്ന് നടിയുടെ പ്രതികരണം.
















