തിരുവനന്തപുരം വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. പുലയനാര്‍ കോട്ടയില്‍ നിന്നാണ് ആയുധം പിടിച്ചെടുത്തത്. ഇവിടെ നിന്ന് നാല് വെട്ടുകത്തികള്‍ പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. ചമ്പക്കട സ്വദേശി വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പുലയനാര്‍ കോട്ടയ്ക്ക് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് നിഗമനം. അയല്‍വാസിയും സുഹൃത്തുമായ ചമ്പക്കട സ്വദേശി പ്രദീപാണ് കേസിലെ മുഖ്യപ്രതി. പ്രദീപിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് വിശാഖ്. ഈ പകയും കൊലപാതകത്തിന് കാരണമായേക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
പ്രദീപും വിശാഖും തമ്മില്‍ വഴിതര്‍ക്കം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ വിശാഖ് പ്രദീപിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഈ കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വഞ്ചിയൂര്‍ പാസ്പോര്‍ട്ട് ഓഫിസിന് സമീപത്തെ ചമ്പക്കടയിലുള്ള വിശാഖിന്റെ വീടിന് മുന്നിലെ റോഡില്‍ വച്ചായിരുന്നു ഇരുവരും വീണ്ടും ഏറ്റുമുട്ടിയത്. കൈക്കും കാലിനും വയറിനും വെട്ടേറ്റ് വീണ വിശാഖിനെ പൊലീസും ആംബുലന്‍സുമെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴേക്കും വിശാഖ് മരിച്ചിരുന്നു.