പേരാമ്പ്രയില്‍ ലഹരിക്കേസില്‍ രണ്ട് അധ്യാപികമാര്‍ പിടിയിലായ കേസ് എസ്.ഐ.ടി അന്വേഷിക്കും. വടകര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ലഹരി മാഫിയയുടെ കണ്ണികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് റൂറല്‍ എസ്.പി മെറിന്‍ ജോസഫ് അറിയിച്ചു. കേസില്‍ അറസ്റ്റിലായ പേരാമ്പ്ര ബിആര്‍സിയിലെ താല്‍ക്കാലിക അധ്യാപികമാരായ കാവ്യ, കീര്‍ത്തന എന്നിവരുടെ നിരന്തര ബംഗളൂരു യാത്രകള്‍ ലഹരിക്കടത്തിനാണോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
സഫ്വാന്‍ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് അധ്യാപികമാരുടെ ലഹരി ഇടപാടുകളിലെ പങ്ക് പുറത്തുവന്നത്. സഫ്വാന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കീര്‍ത്തനയുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് വാങ്ങുന്ന ആളുകള്‍ പണം അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് അയച്ചുനല്‍കുകയും, ഇതില്‍ നിന്ന് തങ്ങളുടെ കമ്മീഷന്‍ മാറ്റിയ ശേഷം ബാക്കി തുക ഇവര്‍ ലഹരി മാഫിയയ്ക്ക് കൈമാറുകയുമായിരുന്നു രീതി.
നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ ലഹരി ശൃംഖലയിലെ പ്രധാന ആളുകളെ കണ്ടെത്താനാകൂ. ഇരുവരുടെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പത്തു വര്‍ഷമായി ഇരുവരും പേരാമ്പ്ര ബിആര്‍സിയില്‍ താല്‍ക്കാലിക അധ്യാപകരായി ജോലി ചെയ്തുവരികയായിരുന്നു.
കായിക അധ്യാപികയായ കീര്‍ത്തന കൃത്യമായി സ്‌കൂളില്‍ ഹാജരാകുന്നില്ലെന്നും പകരം ആളെയെത്തിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഈ വര്‍ഷവും ബിആര്‍സി ഇയാളെ അതേ സ്‌കൂളില്‍ തന്നെ നിയമിക്കുകയായിരുന്നു. പൊലീസ് അറസ്റ്റിന് പിന്നാലെ കീര്‍ത്തനയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. കാവ്യയെ പിരിച്ചുവിടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
















