കേരളം കണ്ട പ്രമുഖ സഹകാരികളില്‍ മുന്‍നിരക്കാരനെയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശേഛന കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ULCCS നെ അനന്യമായ കര്‍മ്മശേഷിയോടെയാണ് രമേശന്‍ പാലേരി നയിച്ചത്. വാഗ്ഭടാനന്ദ ഗുരുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തൊഴിലാളി സഹകരണ സംഘം ഇന്ന് നിര്‍മ്മാണ രംഗത്തോടൊപ്പം വിവര സാങ്കേതിക വിദ്യയടക്കം വൈവിധ്യമാര്‍ന്ന മേഖലകളില്‍ വ്യാപരിക്കുന്ന വലിയ പ്രസ്ഥാനനമായി വളര്‍ന്നിരിക്കുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയാണിത്. ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ രമേശന്റെ അക്ഷീണമായ പ്രവര്‍ത്തനമുണ്ട്. സഹകരണ തത്വങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് തന്റെ മാനേജുമെന്റ് വൈദഗ്ധ്യം സ്ഥാപനത്തിന്റെ പുരോഗതിക്കായി ഉപയോഗിച്ചു. ഇന്‍ഫ്രാസ്ട്രക്ചര്‍, ഐ.ടി -UL സൈബര്‍ പാര്‍ക്ക്, ടൂറിസം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് ULCCS അനിഷേധ്യ സാന്നിധ്യമാണ്. പ്രവര്‍ത്തനങ്ങളില്‍
സമയനിഷ്ഠയും ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുന്നതില്‍ രമേശന് നിര്‍ബന്ധ മുണ്ടായിരുന്നു. ഇതാണ് ULCCS നെ ഒരു ബ്രാന്‍ഡ് ആക്കി മാറ്റിയത്. അതുവഴി അന്താരാഷ്ടതലത്തില്‍ അടയാളപ്പെടുത്താനും സാധിച്ചു. അംഗീകാരങ്ങളും തേടിയെത്തി.
രമേശന്റെ അകാലത്തിലുള്ള വേര്‍പാട് ഊരാളുങ്കല്‍ സൊസൈറ്റിക്കുണ്ടാക്കുന്ന നഷ്ടം അപരിഹാര്യമാണ്.തൊഴിലാളികള്‍ നേരിടുന്ന ക്രൂര ചൂഷണത്തെ പ്രതിരോധിക്കാനായി രൂപംകൊണ്ട ഒരു കൂട്ടായ്മ നാടിന്റെ പുരോഗതിയുടെ തന്നെ ചാലകശക്തിയായി വളരുകയായിന്നു. ഈ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചവര്‍ വിട വാങ്ങുമ്പോഴും തൊഴിലാളി താല്‍പര്യവും ക്രീയാത്മക സമീപനവും മുറുകെ പിടിച്ച് കൂടുതല്‍ കര്‍മ്മോല്‍സുകരാവുകയാണ് ചെയ്യാനുള്ളത്. രമേശന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ഉറ്റവരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നു, അനുശോചനം അറിയിക്കുന്നു.
















