തീക്കോയില്‍ ഗര്‍ഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികള്‍ മുമ്പും കുട്ടികളെ വില്‍പ്പന നടത്തിയിട്ടുള്ളതായാണ് സംശയം. സമൂഹമാധ്യമ അക്കൗണ്ട് വഴി വ്യാജപേരിലാണ് പ്രതികള്‍ യുവതികളെ പരിചയപ്പെട്ടിരുന്നത്. സ്ത്രീകളടക്കമുള്ളവര്‍ തട്ടിപ്പ് സംഘത്തിലുള്ളതായാണ് സൂചന.
സംഭവത്തില്‍ അറസ്റ്റിലായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് സ്വദേശി രാജ, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഈ സംഘം ഇതിനുമുമ്പും സമാന രീതിയില്‍ കുട്ടികളെ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി സന്നദ്ധ സംഘടനയെന്ന വ്യാജേനയാണ് ഇവര്‍ ഇരകളെ വലയിലാക്കിയിരുന്നത്. ഗര്‍ഭിണിയായ അസം സ്വദേശിനിയെ സുരക്ഷിതമായ പ്രസവ സൗകര്യങ്ങള്‍ വാ?ഗ്ധാനം ചെയ്താണ് തീയോക്കയിലെ വീട്ടിലെത്തിച്ചത്. ജൂലൈ 16നെത്തിച്ച യുവതിയെ 10 ദിവസത്തോളം അവിടെ തടങ്കലില്‍ പാര്‍പ്പിച്ചു.
തുടര്‍ന്ന്, പ്രസവത്തിന് ശേഷം ജനിക്കുന്ന കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് കൈമാറാമെന്ന കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതോടെ യുവതി കരാറില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയൊരു മാഫിയാ സംഘം തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് പൊലീസിന്റെ സംശയം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.