എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ ഡി.ജി.പിയാക്കാന്‍ ശിപാര്‍ശ. ചീഫ് സെക്രട്ടറിയാണ് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഈ മാസം 31ന് ഫയര്‍ഫോഴ്‌സ് മേധാവിയായ ഡിജിപി നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് എസ്. ശ്രീജിത്തിനെ പരിഗണിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, യോഗേഷ് ഗുപ്ത, നിതിന്‍ അഗര്‍വാള്‍ എന്നിങ്ങനെ നാല് ഡിജിപി തസ്തികകളാണുള്ളത്.
സീനിയോറിറ്റി പ്രകാരം എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആയിരുന്നു ഡി.ജി.പി സ്ഥാനത്തേക്ക് വരേണ്ടിയിരുന്നത്. എന്നാല്‍ വകുപ്പുതല അന്വേഷണവും സസ്‌പെന്‍ഷന്‍ നടപടികളും നിലനില്‍ക്കുന്നതിനാലാണ് ഒഴിവാക്കിയത്. സസ്‌പെന്‍ഷനെതിരെ ട്രൈബ്യൂണലില്‍ നിന്ന് സ്റ്റേ ലഭിക്കാതിരുന്നതും അജിത് കുമാറിന് തിരിച്ചടിയായി. തുടര്‍ന്ന്, തൊട്ടടുത്ത സീനിയറായ എസ്. ശ്രീജിത്തിന്റെ പേര് ചീഫ് സെക്രട്ടറി ശിപാര്‍ശ ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.
















