സംസ്ഥാനത്തെ ബോര്‍ഡ്-കോര്‍പറേഷന്‍ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനം. ഓരോ പാര്‍ട്ടികള്‍ക്കുമുള്ള ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ചര്‍ച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യു.ഡി.എഫ് മുന്നണി യോഗത്തിലാണ് നിര്‍ണായകമായ തീരുമാനം. വിവിധ ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ഘടകകക്ഷികള്‍ക്ക് അവകാശവാദങ്ങളുണ്ട്.
ഇതിന് പരിഹാരമെന്നോണം കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, സിഎംപി തുടങ്ങി എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. വരുന്ന 10 ദിവസത്തിനുള്ളില്‍ ഈ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനം വീതംവെക്കല്‍ അന്തിമമാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. നിയമസഭയിലടക്കം വലിയ ചര്‍ച്ചയായ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന സംബന്ധിച്ച് പെട്ടെന്ന് തീരുമാനമുണ്ടാകില്ല. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ യു.ഡി.എഫ് തീരുമാനമെടുക്കും. പുതിയ മദ്യനയം രൂപീകരിക്കുന്ന ഘട്ടത്തില്‍ ഇതിനായി രൂപീകരിക്കുന്ന യുഡിഎഫ് ഉപസമിതി നയം തീരുമാനിക്കും.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടക്കുക. ഉപസമിതി വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷം മാത്രമായിരിക്കും യു.ഡി.എഫ് ഇതില്‍ നയപരമായ നിലപാട് സ്വീകരിക്കുക. പി.എം ശ്രീയില്‍ നിന്ന് പിന്മാറാനാകില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ഇന്നത്തെ യോഗത്തില്‍ പ്രധാനമായും സര്‍ക്കാരിന്റെ ഭരണപരമായ വിഷയങ്ങളാണ് ചര്‍ച്ചയായത്. അതിനാല്‍ മുന്നണിയുടെ ഭാവി പരിപാടികളും മറ്റ് രാഷ്ട്രീയ നയങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്നതിനായി ഒരു ദിവസം നീണ്ടുനില്‍ക്കുന്ന വിശാല യു.ഡി.എഫ് യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
















