ഷാജാപൂര്‍: മധ്യപ്രദേശിലെ ഷാജാപൂരിൽ, വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, തന്റെ ഭാര്യ ഒരു ട്രാൻസ്‌ജെൻഡർ ആണെന്ന് ആരോപിച്ച് 32-കാരനായ യുവാവ് പരാതിയുമായി രംഗത്തെത്തി. വിവാഹത്തിന് മുൻപ് ഇക്കാര്യം മറച്ചുവെച്ചതിന് ഭാര്യയുടെ വീട്ടുകാർക്കെതിരെ യുവാവ് പരാതിയും നൽകി. വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾക്ക് ശേഷമാണ് ഭാര്യ ട്രാൻസ്‌ജെൻഡറാണെന്ന് താൻ മനസിലാക്കിയതെന്നാണ് യുവാവ് പറയുന്നത്.
ഇയാളുടെ പരാതിയിൽ ഭാര്യയുടെ വീട്ടിലെ അഞ്ച് അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, ആരോപണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സത്യമെന്താണെന്ന് വ്യക്തമാവുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. ഷാജാപൂരിൽ പച്ചക്കറി വ്യാപാരിയായ യുവാവും രാജ്ഗഡ് ജില്ലയിലെ പചോർ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം അയൽവാസി വഴിയാണ് ആലോചിച്ചത്.
അടുത്ത വർഷം വിവാഹം നടത്താനായിരുന്നു യുവാവിന്റെ കുടുംബം തീരുമാനിച്ചിരുന്നതെങ്കിലും, വധുവിന്റെ കുടുംബം ഉടൻ തന്നെ വിവാഹം നടത്തണമെന്ന് നിർബന്ധിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ജൂൺ 29ന് ഒരു ക്ഷേത്രത്തിൽ വെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിനായി വരന്റെ കുടുംബം ഏകദേശം 5 ലക്ഷം രൂപ ചെലവഴിച്ചു.
യുവതിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ പണമായി നൽകിയതായും വരന്‍റെ കുടുംബം പറഞ്ഞു.വിവാഹ രാത്രിയിൽ ആർത്തവമാണെന്ന് പറഞ്ഞും, തൊട്ടടുത്ത ദിവസം വയറുവേദനയാണെന്ന് പറഞ്ഞും പങ്കാളി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതായി പരാതിയിൽ പറയുന്നു. ജൂലൈ 2-ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഇവർ ജൂലൈ 23-നാണ് തിരികെ ഭർതൃവീട്ടിലെത്തിയത്.
പങ്കാളി ഷേവ് ചെയ്യുന്നത് യുവാവിന്‍റെ സഹോദരി കണ്ടതോടെയാണ് കുടുംബത്തിന് സംശയം തോന്നിയത്. തുടർന്ന് ഇവർ ട്രാൻസ്‌ജെൻഡറാണെന്ന് സംശയിക്കുകയു വിവാഹത്തിന് മുൻപ് ഈ വിവരം മനഃപൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.
ജൂലൈ 24 ന് വരന്റെ കുടുംബം ഭാര്യയോട് ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുകയും ബന്ധുക്കളെ അറിയിക്കുകയും യുവതിയെ തിരികെ കൊണ്ടുപോകാൻ അഭ്യർഥിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, പ്രശ്നം പരിഹരിക്കുന്നതിന് പകരം ബന്ധുക്കൾ ഷാജാപൂരിലെത്തി വരന്റെ കുടുംബത്തെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 25 ന് ഭാര്യവീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
“ഒരു വ്യക്തി ട്രാൻസ്‌ജെൻഡർ ആണോ എന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ,” എന്ന് കോട്‌വാലി പോലീസ് സ്റ്റേഷൻ ചുമതലയുള്ള സന്തോഷ് ബഘേല പറഞ്ഞു. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ പ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















