World

ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നം: ഒമാന്‍- ഇറാന്‍ ചര്‍ച്ച അവസാന ഘട്ടത്തില്‍

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മിലെ ചര്‍ച്ച അവസാന ഘട്ടത്തില്‍. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടന്നുവരുന്നത്. ഒരാഴ്ചയില്‍ അധികമായി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗാചിയെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്ത ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസിലൂടെയുള്ള ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകളെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വാക്താവ് വ്യക്തമാക്കി. അതേസമയം, ഹോര്‍മുസ് അടക്കലിന്റെയോ തുറക്കലിന്റെയോ പേരിലല്ല ചര്‍ച്ചയെന്നും പുതിയ റൂട്ട് സംബന്ധിച്ച പരസ്പര ധാരണയാണ് ലക്ഷ്യമിടുന്നതെന്നും വക്താവ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഇറാന്‍- ഒമാന്‍ മന്ത്രിതല ചര്‍ച്ച തെഹ്‌റാനില്‍ നടന്നിരുന്നു. രണ്ട് ദിവസമായി നടന്ന ചര്‍ച്ചക്കൊടുവില്‍ അന്തിമ തീരുമാനത്തില്‍ എത്താനായിരുന്നില്ല. ഹോര്‍മുസിലൂടെ ഒരു വശത്തേക്കുള്ള യാത്ര പൂര്‍ണമായും, തിരികെ യാത്രയില്‍ ബഹുഭൂരിഭാഗവും നിയന്ത്രണമാണ് ഇറാന്‍ ആവശ്യപ്പെട്ടത്. ഒരു ഭാഗത്ത് ഇറാന്റെയും മറുഭാഗത്ത് ഒമാന്റെയും നിയന്ത്രണമാണ് ഒമാന്‍ നിര്‍ദേശിച്ചിരുന്നത്. ഈ വിഷയത്തെ തുടര്‍ന്നാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത്.

ലോകത്തിന്റെ എണ്ണ കയറ്റുമതിയുടെ 20 ശതമാനവും ഹോര്‍മുസിലൂടെയാണ് നടന്നിരുന്നത്. ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഹോര്‍മുസ് അടച്ചിട്ടത്. ഇതോടെ എണ്ണ വില വന്‍തോതില്‍ ഉയരുകയും ചെയ്തു. ജൂണില്‍ അമേരിക്കയും ഇറാനും ധാരണപത്രം ഒപ്പുവെച്ചതോടെ ഹോര്‍മുസ് വീണ്ടും തുറന്നെങ്കിലും ബദല്‍ റൂട്ട് സംബന്ധിച്ച തര്‍ക്കവും ഇറാനെതിരായ അമേരിക്കന്‍ ആക്രമണവും മൂലം വീണ്ടും അടച്ചിട്ട അവസ്ഥയിലാണ്. ഇറാന്‍ കപ്പലുകള്‍ക്ക് അമേരിക്കയും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹോര്‍മുസിലൂടെ കപ്പല്‍ നീക്കം നാമമാത്രമാണ്. ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കടലിടുക്ക് തുറക്കുന്നതും കാത്ത് 1500ഓളം കപ്പലുകളാണ് ഹോര്‍മുസിന്റെ ഇരുഭാഗത്തുമായി ഉള്ളത്. കടലിടുക്ക് തുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ കപ്പലുകളിലെ നാവികരുള്ളത്.